പാലക്കാട്: മഴക്കാലപൂർവ ശുചീകരണം, പകർച്ചവ്യാധി പ്രതിരോധം എന്നിവ കാര്യക്ഷമമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ ഇന്നും നാളെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ വകുപ്പുകൾ എന്നിവയുടെ നേതൃത്വത്തിൽ ശുചീകരണ പരിപാടികൾ സംഘടിപ്പിക്കും.
ശുചീകരണത്തിന് മുന്നോടിയായി ജില്ലാ കളക്ടർ ഡി.ബാലമുരളിയുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ അവലോകന യോഗം ചേർന്നു. ജില്ലയിൽ രണ്ട് ദിവസമായി നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങളിൽ നഗരത്തിലെ റോഡരികിലുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനും ഓവുചാലുകൾ, കനാലുകൾ വൃത്തിയാക്കുന്നതിനും മുൻഗണന നൽകണമെന്ന് യോഗത്തിൽ കളക്ടർ നിർദ്ദേശിച്ചു. പാലക്കാട് നഗരസഭാ പരിധിയിലുള്ള കൽമണ്ഡപത്തിന് സമീപത്തെ കനാലിലെ മാലിന്യം നീക്കം ചെയ്യാൻ നഗരസഭാ പ്രതിനിധികൾക്കും നിർദ്ദേശം നൽകി.
ശുചീകരണ യഞ്ജത്തിന്റെ ഭാഗമായി ജല അതോറിട്ടിയുടെ നേതൃത്വത്തിൽ പുഴകളിലും തുറന്ന ജലസ്രോതസുകളിലും ക്ലോറിനേഷൻ ഉറപ്പാക്കും. മലമ്പുഴ ഡാം പരിസരത്തെ കനാലുകളിലെ മാലിന്യങ്ങളും നീക്കം ചെയ്യും. വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ എൽ.പി, യു.പി. ഹൈസ്‌കൂളുകളിലെ പരിസരവും കുടിവെള്ള സ്രോതസുകളും ശൂചീകരിക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു. കൂടാതെ പ്രവർത്തനങ്ങൾ വിലയിരുത്താൻ ഡി.ഇ.ഒ, എ.ഇ.ഒ മാരെയും ചുമതലപ്പെടുത്തും. കുടുംബശ്രീ, ആരോഗ്യ വകുപ്പ്, നഗരസഭകൾ എന്നിവയുടെ ആഭിമുഖ്യത്തിൽ ഗൃഹസന്ദർശനവും ശുചീകരണ പ്രവർത്തനങ്ങളും നടക്കും. യോഗത്തിൽ എ.ഡി.എം എം.എൻ മെഹറാലി, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.