പാലക്കാട്: പ്ലസ് ടു വിദ്യാർത്ഥിയെ ട്രെയിൻതട്ടി മരിച്ചനിലയിൽ കണ്ടെത്തി. കൽമണ്ഡപത്തിനടുത്ത് താമസിക്കുന്ന സിവിൽ സപ്ലൈസ് ജീവനക്കാരൻ വേലുച്ചാമിയുടെ മകൻ അക്ഷയ് (18) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ടോടെയാണ് മലമ്പുഴ റെയിൽവെ ട്രാക്കിൽ അക്ഷയിന്റെ മൃതദേഹം കണ്ടതെങ്കിലും ഇന്നലെ രാവിലെയോടെയാണ് വീട്ടുകാർ വിവരം അറിഞ്ഞത്. പാലക്കാട് പി.എം.ജി സ്‌കൂളിൽ പ്ലസ് ടു വിദ്യാർത്ഥിയായിരുന്ന അക്ഷയ് മൂന്നു വിഷയങ്ങളിൽ പരാജയപ്പെട്ടിരുന്നു. ഇതിൽ ദുഃഖിതനായിരുന്ന അക്ഷയ് വ്യാഴാഴ്ച രാവിലയോടെ ഒരു സൽക്കാരം ഉണ്ടെന്ന് പറഞ്ഞ് വീട്ടിൽ നിന്നു പോവുകയായിരുന്നു. രാത്രിയായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്നലെ വൈകീട്ടോടെ സംസ്‌കാരം നടത്തി. സഹോദരി: അക്ഷയ.