മണ്ണാർക്കാട്: മണ്ണാർക്കാട് നിന്ന് ജില്ലാ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ആദിവാസി യുവതി ആംബുലൻസിൽ പ്രസവിച്ചു. കുഞ്ഞ് മരിച്ചു. അട്ടപ്പാടി പുതൂർ പഞ്ചായത്തിലെ പൊട്ടിക്കൽ ഊരിലെ മരുതന്റെ ഭാര്യ ഉഷയാണ് ആംബുലൻസിൽ പ്രസവിച്ചത്. എട്ടുമാസം ഗർഭിണിയായ യുവതി മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെത്തി സ്‌കാൻ ചെയ്യാനുള്ള നടപടികൾ സ്വീകരിക്കുന്നതിനിടെ രക്തസ്രാവം ഉണ്ടാവുകയും ഉടൻ തന്നെ ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയുമായിരുന്നു. യാത്രക്കിടെ മുണ്ടൂരിലെത്തിയപ്പോൾ യുവതി പ്രസവിച്ചു. ആംബുലൻസിൽ നഴ്‌സിന്റെ സേവനം ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തിയിരുന്നതായി താലൂക്ക് ആശുപത്രി അധികതർ പറഞ്ഞു. ഏഴര മാസം പ്രായമായ കുഞ്ഞിനെ പ്രവേശിപ്പിക്കാനുള്ള തീവ്രപരിചരണ വിഭാഗം താലൂക്ക് ആശുപത്രിയിൽ ഇല്ലാത്തതിനാലാണ് ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്തത്. കുഞ്ഞിന് ജില്ലാ ആശുപത്രിയിൽ എത്തുന്നത് വരെ ചെറിയ മിടിപ്പ് ഉണ്ടായിരുന്നതായും ആശുപത്രി അധികൃതർ പറഞ്ഞു. ജില്ലാ ആശുപത്രിയിലെത്തിച്ച കുഞ്ഞ് മരിക്കുകയായിരുന്നു.

ഉഷയുടെ മൂന്നാമത്തെ പ്രസവമാണിത്. എട്ടുമാസം ഗർഭിണിയായിട്ടും ഇതുവരെ പരിശോധന നടത്തുകയോ സ്‌കാൻ ചെയ്യുകയോ ഗർഭാവസ്ഥയിൽ കഴിക്കേണ്ട മരുന്ന് കഴിക്കുകയോ ചെയ്തിട്ടില്ലെന്ന് ഉഷയെ പരിശോധിച്ച ഡോക്ടർ പറഞ്ഞു.