ഒറ്റപ്പാലം: ഏത് നിമിഷവും നിലംപൊത്താമെന്ന അവസ്ഥയിലാണ് മയിലുംപുറത്തെ കിഴക്കേതോടിന് കുറുകെയുള്ള എരുമക്കുണ്ട് പാലം. കലപ്പഴക്കത്താൽ പാലത്തിന് താഴത്തെ കോൺക്രീറ്റ് പാളികൾ അടർന്ന് വീണ് തുരുമ്പിച്ച കമ്പികൾ പുറത്തുകാണം. കൈവരികളും പൊട്ടിയ സ്ഥിതിയിൽ. ഇതിലൂടെയാണ് ജീവനും കൈയ്യിൽപ്പിടിച്ച് ആയിരക്കണക്കിന് യാത്രക്കാർ സഞ്ചരിക്കുന്നത്.
രണ്ടുവർഷമായി പാലം അപകടഭീഷണി നേരിടാൻ തുടങ്ങിയിട്ട്. ഇപ്പോൾ പാലത്തിന്റെ കീഴ്ഭാഗത്തെ പകുതിയോളം സ്ഥലത്തെ കോൺക്രീറ്റ് അടർന്നുപോയി ഇരുമ്പുകൾ പുറത്തുകാണുന്നുണ്ട്. കൈവരികൾ തകർന്ന നിലയിലായതിനാൽ രാത്രിയിൽ വാഹനങ്ങൾ തോട്ടിലേക്ക് മറിയുന്ന സംഭവങ്ങൾ വരെ നടന്നിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. 14 സ്വകാര്യബസുകളും സ്‌കൂൾ ബസുകളുമടക്കം നിരവധി വാഹനങ്ങൾ സർവീസ് നടത്തുന്ന റോഡാണിത്. സ്‌കൂൾ തുറക്കുന്ന സമയമായതിനാൽ അടിയന്തരമായി പാലം നവീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഇതേ റോഡിൽതന്നെയാണ് പ്രളയത്തിൽ തകർന്ന കലുങ്കുമുള്ളത്. പൊട്ടിതകർന്ന് കുഴിയായ നിലയിലാണ് കലുങ്കുള്ളത്. പാലവും കലുങ്കും പുതുക്കിപ്പണിയാൻ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പി.ഉണ്ണി എം.എൽ.എയെ സമീപിച്ചിരുന്നു. എം.എൽ.എ സ്ഥലം സന്ദർശിച്ചിട്ടുണ്ടെന്നും അമ്പലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ കുഞ്ഞൻ അറിയിച്ചു.