ചെർപ്പുളശ്ശേരി: കഥകളിയുടെ ഈറ്റില്ലമായ വെള്ളിനേഴിക്ക് മറ്റൊരു അഭിമാന നിമിഷം. എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചപ്പോൾ ഇത്തവണ വെള്ളിനേഴി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിനെ തേടിയെത്തിയത് ചരിത്ര നേട്ടം.

സ്‌കൂളിൽ 118 കുട്ടികൾ പരീക്ഷ എഴുതിയതിൽ മുഴുവൻ പേരും വിജയിച്ചപ്പോൾ അഞ്ച് കുട്ടികൾ എല്ലാ വിഷയത്തിലും എ പ്ലസും നാല് കുട്ടികൾ 9 വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കി.

തികച്ചും ഗ്രാമീണ പശ്ചാത്തലത്തിൽ സാധാരണക്കാരായ വിദ്യാർത്ഥികൾ പഠിക്കുന്ന സർക്കാർ വിദ്യാലയമാണ് വെള്ളിനേഴി ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ. ചിട്ടയായ പഠനരീതികളും അധ്യാപകരുടേയും പി.ടി.എ.യുടേയും നിരന്തരമായ പരിശ്രമവുമാണ് സ്‌കൂളിനെ ചരിത്രനേട്ടത്തിലേക്ക് നയിച്ചത്. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന ഓരോ വിദ്യാർത്ഥിയേയും കണ്ടെത്തി അവർക്കായി ഒരു അധ്യാപകന്റെ നേതൃത്വത്തിൽ പ്രത്യേകം ശ്രദ്ധ കൊടുത്തുകൊണ്ടായിരുന്നു പ്രവർത്തനങ്ങൾ നടന്നത്. ഇതിന്റെയെല്ലാം ഫലമാണ് മികച്ച വിജയമെന്ന് പ്രധാന അധ്യാപകൻ രാമകൃഷ്ണൻ പറഞ്ഞു.

കേരളത്തിൽ കഥകളി പാഠ്യവിഷയമായിരുന്ന ഏക സർക്കാർ വിദ്യാലയം കൂടിയാണ് വെള്ളിനേഴി ഹയർ സെക്കൻഡറി സ്‌കൂൾ. ഇന്ന് ഇംഗ്ലീഷ് മീഡിയവും സ്‌കൂളിലുണ്ട്. പഠന പ്രവർത്തനങ്ങൾക്കൊപ്പം പാഠ്യേതര വിഷയങ്ങളിലും ഇന്ന് മുൻപന്തിയിലാണ് സ്‌കൂൾ.