ഒറ്റപ്പാലം: താഴെ ഷൊർണൂർ നഗരം തിരക്കിട്ടൊഴുകുമ്പോഴും അതിന്റെ ബഹളങ്ങളൊന്നുമറിയാതെ ബസ് സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്സിലെ ഒന്നാംനിലയിൽ ഒരു ലൈബ്രറി പ്രവർത്തിക്കുന്നുണ്ട്. 75വർഷം പിന്നിട്ട പ്രഭാതം പബ്ലിക്ക് ലൈബ്രറി.
16,000 പുസ്തകങ്ങൾ, പത്ത് ദിനപത്രങ്ങൾ, 2000 ത്തിലേറെ റഫറൻസ് പുസ്തകങ്ങൾ, 40തോളം ആനുകാലികങ്ങൾ എന്നിവയടങ്ങിയതാണ് പ്രഭാതത്തിന്റെ വായനാലോകം. 900 അംഗങ്ങളുടെ പിൻബലം വേറെയും. ന്യൂ ജനറേഷൻ വായനക്കാർ മുതൽ സീനിയർ സിറ്റിസൺവരെ വായനയെ സ്‌നേഹിക്കുന്ന നൂറിലധികം ദിവസവും ആളുകൾ പടികയറി പ്രഭാതത്തിലെത്തും. അകത്ത് വലിയ ഏകാന്തതയും അച്ചടക്കവും. പാദരക്ഷകൾ പുറത്ത് വച്ച് മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആക്കിയോ, നിശ്ശബ്ദമാക്കിയോ മാത്രം വായനക്കാർക്ക് അകത്തേക്ക് പ്രവേശനം. പിന്നെ ആഴത്തിലുള്ള വായന. രാവിലെ ഒമ്പതുമുതൽ ഒന്നുവരെയും, വൈകീട്ട് മൂന്നുമുതൽ ആറുവരെയും പ്രഭാതത്തിന്റെ വാതിലുകൾ വായനക്കാർക്കായി തുറന്നിടും. ജില്ലയിലെ എഗ്രേഡ് വായനശാലകളിൽ പ്രധാനപ്പെട്ടതാണ് പ്രഭാതം. ഒറ്റപ്പാലം താലൂക്ക് ലൈബ്രറിക്കു കീഴിലാണ് പ്രവർത്തനം. വായന മരിച്ചിട്ടില്ലെന്നും മരിക്കുകയില്ലെന്നുമുള്ളതിന് നേർസാക്ഷ്യമാണ് വായനയുടെ ലോകത്ത് പ്രഭാതം സമ്മാനിക്കുന്ന ഇത്തരം കാഴ്ചകൾ. വീടുകളിൽ പുസ്തകമെത്തിച്ചും സ്‌കൂളുകളിൽ വായന പ്രോത്സാഹിപ്പിച്ചും പ്രഭാതം മുന്നേറുകാണ്. ബാലവേദി, വയോജനവേദി, വനിതാ വേദി എന്നിവയും ഇതിന് കീഴിൽ സജീവമാണ്.
ഓരോ വർഷവും 100 - 140പേർ പ്രഭാതത്തിൽ അംഗത്വത്തിനായി എത്തുന്നുണ്ടെന്ന് ലൈബ്രേറിയൻ സി.കെ.ഗോവിന്ദൻകുട്ടി പറഞ്ഞു. വായനയെ സംബന്ധിച്ച് ഈ പുതിയ കാലത്തും ആശങ്ക വേണ്ടെന്ന നല്ല അനുഭവങ്ങളാണ് പ്രഭാതത്തിന് പങ്കുവെക്കാനുള്ളത് അദ്ദേഹം കൂട്ടിച്ചേർത്തു. എസ്.കൃഷ്ണദാസ് സെക്രട്ടറിയും, കെ.സി.രാജൻ പ്രസിഡന്റുമായ ഭരണ സമിതിയാണ് പ്രഭാതത്തിന്റെ സാരഥികൾ.