മണ്ണാർക്കാട്: എസ്.എസ്.എൽ.സിയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും ഉപരിപഠനത്തിന് അവസരം ഒരുക്കണമെന്ന് മുസ്ലീം സർവീസ് സൊസൈറ്റി യൂത്ത്‌വിംഗ് ജില്ലാ കൗൺസിൽ ആവശ്യപ്പെട്ടു. വിജയശതമാനം ഉയർന്ന സാഹചര്യത്തിൽ ജില്ലയിലെ യോഗ്യരായ മുഴുവൻ കുട്ടികൾക്കും പ്ലസ് വൺ പ്രവേശനം അപ്രാപ്യമാകും.
39815 പേരാണ് ജില്ലയിൽ ഉപരിപഠനത്തിന് യോഗ്യത നേടിയത്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകളിലെ വിജയികൾ ഇതിനു പുറമേയാണ്. സേ പരീക്ഷ കഴിയുന്നതോടെ തുടർപഠനത്തിനുള്ള വിദ്യാർത്ഥികളുടെ എണ്ണത്തിൽ വീണ്ടും വർധനവുണ്ടാകും. സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളുകൾ, ഐ.ടി.ഐ, പോളിടെക്‌നിക്ക്, വി.എച്ച്.എസ്.ഇ തുടങ്ങിയവയിലായി ആകെ 31600 സീറ്റുകളാണ് ഉന്നത പഠനത്തിനായുള്ളത്.
മതിയായ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തി സർക്കാർ, എയ്ഡഡ് ഹയർസെക്കൻഡറി സ്‌കൂളുകളിൽ പ്ലസ് വൺ സീറ്റുകൾ ആനുപാതികമായി വർദ്ധിപ്പിച്ച് പ്രതിസന്ധി പരിഹരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. എം.എസ്.എസ് ജില്ലാ പ്രസിഡന്റ് എം.പി.എ.ബക്കർ യോഗം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം.കെ.അബ്ദുറഹ്മാൻ അദ്ധ്യക്ഷനായി. ഹമീദ് കൊമ്പത്ത്, പി.മൊയ്തീൻ, പി.അബ്ദുൽഷെരീഫ്, സിദ്ദീഖ് പാറോക്കോട്, സി.ടി.ഷൗക്കത്തലി എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി കെ.എച്ച്.ഫഹദ് (പ്രസിഡന്റ്), കെ.എ.ഹുസ്‌നി മുബാറക് (സെക്രട്ടറി), സി.ടി ഷൗക്കത്തലി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.