katana
അട്ടപ്പാടി കള്ളക്കരയ്ക്കു സമീപം കൃഷിത്തോട്ടിൽ ഇറങ്ങിയ കാട്ടാനകൾ.

അഗളി: ജീവനിൽ കൊതിയുള്ള അട്ടപ്പാടിക്കാർ ഇപ്പോൾ പുറത്തിറങ്ങി നടക്കാറില്ല. രാത്രികാലങ്ങളിൽ പ്രത്യേകിച്ചും. അത്യാവശ്യം പുറത്ത് പോകുന്നത് കൂട്ടിന് രണ്ടുപേരെ കൂടി കൂട്ടിയാവും. അഞ്ച് ദിവസം മുമ്പ് കാടുവിട്ടിറങ്ങിയ കാട്ടനക്കൂട്ടത്തെ തുരത്താൻ വനംവകുപ്പിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കള്ളക്കരയ്ക്കു സമീപത്തെ കൃഷിയിടത്തിൽ വ്യാഴാഴ്ച നിലയുറപ്പിച്ച കാട്ടാന കൂട്ടത്തെ തുരത്താൻ വെള്ളിയാഴ്ചയും ഇന്നലെയും രാത്രി വൈകിയും ശ്രമങ്ങൾ നടത്തിയെങ്കിലും ഫലം കണ്ടില്ല.

പിടിയാനയും നാലുമാസം വളർച്ചയെത്തിയ കുഞ്ഞും കുട്ടികൊമ്പനും അടങ്ങുന്ന കുട്ടമാണ് കള്ളക്കരയിലെ കൃഷിയിടത്തിൽ നിലയുറപ്പിച്ചിട്ടുള്ളത്. വനംവകുപ്പ് റബർ ബുള്ളറ്റടക്കം പ്രയോഗിച്ചിരുന്നെങ്കിലും പക്ഷേ ആനകൾക്ക് അനക്കമില്ല. കുട്ടിയാനയുടെ സാന്നിധ്യമാണ് ആനകൾ കാട്ടിൽ കയറുവാൻ കൂട്ടാക്കാത്തതിന് പിന്നിലെന്ന് അധികൃതർ പറയുന്നു. അഗളി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ഉദയൻ തങ്കപ്പന്റെ നേതൃത്വത്തിലാണ് ആനയെ തുരത്തുവാനുള്ള നടപടി പുരോഗമിക്കുന്നത്.

കാടിറങ്ങിയ ഒറ്റയാൻ അട്ടപ്പാടി ഷോളയൂരിൽ ബുധനാഴ്ച പുലർച്ചെ ഒരാളെ കൊലപ്പെടുത്തിയിരുന്നു. ചൊവ്വാഴ്ച അതിർത്തിയോട് ചേർന്ന മുള്ളിഭാഗത്ത് ഒരു വാഹനവും തകർത്തിരുന്നു. തമിഴ്‌നാട് വനാതിർത്തി കടന്നെത്തുന്ന കാട്ടാനകളാണ് പലപ്പോഴും പ്രദേശത്ത് ദുരിതം വിതയ്ക്കുന്നത്. ആനകളുടെ നീക്കങ്ങൾ മനസിലാക്കാൻ വനംവകുപ്പിന് കഴിയുന്നില്ല എന്നാണ് തിരിച്ചടിയായിരിക്കുന്നത്. ഈ സാഹചര്യത്തിൽ കൂടുതൽ കൃത്യതയോടെയുള്ള പ്രതിരോധ സംവിധാനങ്ങൾ ഉണ്ടാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.