വാളയാർ: കേരളത്തേക്ക് കടത്തിയ പത്തുകിലോ കഞ്ചാവുമായി തമിഴ്‌നാട് സ്വദേശിയെ വാളയാർ പൊലീസ്, ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ചേർന്ന് അറസ്റ്റു ചെയ്തു. തമിഴ്‌നാട് തിരുപ്പൂർ നാരായണപുരം സ്വദേശി മുരുകൻ (43) ആണ് കസ്റ്റഡിയിലായത്.
ഇന്നലെ വൈകിട്ട് വാളയാർ കനാൽ പിരിവിൽ നടന്ന വാഹന പരിശോധനയിൽ ഇയാൾ സഞ്ചരിച്ച സ്‌കൂട്ടറിലെ ബാഗിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി പി.എസ് സാബുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പാലക്കാട് ഡി.വൈ.എസ്.പി ജി.ഡി.വിജയകുമാർ, നർകോട്ടിക് സെൽ ഡി.വൈ.എസ്.പി ബാബു കെ.തോമസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
പിടിച്ചെടുത്ത കഞ്ചാവിന് ചില്ലറ വിപണിയിൽ അഞ്ചുലക്ഷം രൂപയോളം വിലവരും. തിരുപ്പൂരിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നത്. മലബാർ കേന്ദ്രീകരിച്ചുള്ള കച്ചവടക്കാർക്ക് എത്തിച്ചു കൊടുക്കാനാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് പ്രതി പൊലീസിനോടു പറഞ്ഞു. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വീണ്ടും കഞ്ചാവ് കടത്ത് സജീവമായിരിക്കുകയാണ്. വരും ദിവസങ്ങളിൽ വാഹന പരിശോധന ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
വാളയാർ ഇൻസ്‌പെക്ടർ യൂസഫ് നടുത്തറമ്മൽ, എസ്.ഐമാരായ വി.ബി.ബിന്ദുലാൽ, ജോൺസൺ, എസ്.സി.പി.ഒ അനിൽ കുമാർ, സി.പി.ഒ ഷിബു, ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ ആർ.കിഷോർ, കെ.അഹമ്മദ് കബീർ, ആർ.വിനീഷ്, ആർ.രാജീദ്, എസ്.ഷനോസ്, എസ്.ഷമീർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.