നെല്ലിയാമ്പതി: തോട്ടം മേഖലയായ നെല്ലിയാമ്പതിയിലെ ജനങ്ങളുടെ സൗകര്യത്തിനായി ലക്ഷങ്ങൾ ചെലവഴിച്ച് വാങ്ങിയ ആംബുലൻസ് കട്ടപ്പുറത്ത്. നെല്ലിയാമ്പതി പഞ്ചായത്താണ് പദ്ധതി വിഹിതം ചെലവഴിച്ച് ആറു വർഷം മുമ്പ് ആംബുലൻസ് വാങ്ങിയത്. പക്ഷേ ഇതുവരെയും ഡ്രൈവറെ നിയമിക്കാത്തതിനാൽ ഇതിന്റെ സേവനം പ്രദേശവാസികൾക്ക് അന്യമാണ്.
2011- 12 സാമ്പത്തിക വർഷമാണ് 8.30 ലക്ഷം രൂപ ചെലവഴിച്ച് ആംബുലൻസ് വാങ്ങിയത്. ഏതൊരു ആവശ്യത്തിനും 30 കിലോമീറ്റർ താഴെയുള്ള നെന്മാറയിലെത്തണം. രോഗം ഗുരുതരമാവുമ്പോൾ നെന്മാറയിൽ നിന്ന് ആംബുലൻസ് വന്ന് വേണം രോഗിയെ താഴേക്ക് കൊണ്ടുപോവാൻ. ആംബുലൻസ് വാങ്ങിയിട്ട് വർഷങ്ങൾ പിന്നിട്ടിട്ടും ഗ്രാമപഞ്ചായത്ത് പി.എച്ച്.സി.വികസന സമിതിയ്ക്ക് കൈമാറുവാനും നടപടി സ്വീകരിച്ചിട്ടില്ല. ഇങ്ങിനെ കൈമാറിയിരുന്നെങ്കിൽ മറ്റു ഫണ്ടുകൾ കണ്ടെത്തി ഓടിക്കാൻ കഴിയുമായിരുന്നുവെന്നും പറയുന്നു. ഇതോടൊപ്പം വാങ്ങിയ രണ്ടു ഫ്രീസറുകളും ഇപ്പോൾ ഉപയോഗിക്കാതെ നശിക്കുകയാണ്. ജനങ്ങൾ ദുരിതം നേരിടുമ്പോഴും അധികൃതരുടെ അനാസ്ഥ ഇപ്പോഴും തുടരുകയാണ്.