പാലക്കാട്: ഒറ്റപ്പാലം വരോട് ചുനങ്ങാട് ശ്രീ ചാത്തൻ കണ്ടാർക്കാവ് ക്ഷേത്രഭരണത്തിൽ കമ്മറ്റികൾക്ക് യാതൊരു വിധ അവകാശമോ അധികാരമോ ഇല്ലെന്ന് മലബാർ ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മിഷണർ കെ.സതീഷ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ക്ഷേത്രം പൊതുക്ഷേത്രമായി അംഗീകരിച്ച ഡപ്യൂട്ടി കമ്മിഷണറുടെ ഉത്തരവ് ഹൈക്കോടതി ശരിവെച്ചിട്ടുണ്ട്. 2014 ജനുവരി 25ൽ പൊതുജനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ശ്രീ ചാത്തൻ കണ്ടാർകാവ് ക്ഷേത്രം പൊതു ക്ഷേത്രമാക്കാൻ നടപടികൾ ആരംഭിച്ചത്. ഇതിന്റെ ഭാഗമായി പൊതുജനങ്ങളുടെ ആക്ഷേപവും പരാതിയും കേട്ടതിനുശേഷമാണ് ഡപ്യൂട്ടി കമ്മീഷണർ പൊതു ക്ഷേത്രമായി പ്രഖ്യാപിച്ചതെന്നും അദ്ധേഹം ചൂണ്ടിക്കാട്ടി. ഇതിനെതിരെ ക്ഷേത്ര ഭരണ സമിതി ഹൈക്കോടതിയിൽ പരാതി സമർപ്പിച്ചെങ്കിലും ഹൈക്കോടി ക്ഷേത്രം പൊതു ക്ഷേത്രമാണെന്ന് വിധി പുറപ്പെടുവിക്കുകയാണ് ഉണ്ടായത്. ഇതിന്റെ അടിസ്ഥാനത്തിൽ 2018 മെയി 22 മുതൽ മലബാർ ദേവസ്വം ബോർഡ് നിയമിച്ച എക്‌സിക്യൂട്ടീവ് ഓഫീസറുടെ നിയന്ത്രണത്തിലാണ് ക്ഷേത്രത്തിലെ ദൈനംദിന ഭരണവും ഉൽസവാഘോഷങ്ങളും നടന്നു വരുന്നത്. മറിച്ചുള്ള പ്രചരണങ്ങൾ അടിസ്ഥാന രഹിതമാണെന്നും അദ്ധേഹം പറഞ്ഞു. ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസർ കെ.വേണുഗോപാൽ,സുകുമാരൻനായർ,നന്ദകുമാർ,ഡി.കെ ചന്ദ്രൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.