ആലത്തൂർ: വാഹനങ്ങൾ തടഞ്ഞു നിർത്തി പണംകവരുന്ന സംഘത്തിലെ രണ്ടുപേർ പിടിയിൽ. ചിറ്റിലഞ്ചേരി വട്ടോംമ്പാടം ശരത്ത് (24), ചിറ്റിലഞ്ചേരി കടമ്പിടി തോണിയിൽ സനൂപ് (24) എന്നിവരാണ് പിടിയിലായത്. ചിറ്റിലഞ്ചേരി ഗോമതി എസ്‌റ്റേറ്റിനു സമീപം പുലർച്ചെ രണ്ട് മണിയ്ക്ക് ലോറികൾ തടഞ്ഞു നിർത്തി കത്തികാണിച്ച് ഭീഷണിപ്പെടുത്തി പണം കവരുകയാണ് ഇവരുടെ പതിവ്.

കഴിഞ്ഞ ദിവസം ഇടുക്കി വാഗമണ്ണിൽ നിന്ന് തേയില ഇലയുമായി നെല്ലിയാമ്പതിയിലേക്ക് പോവുകയായിരുന്ന ലോറി തടഞ്ഞു നിർത്തി ക്ലീനറായ സുഭാഷിനെ ഭീഷണിപ്പെടുത്തി 500 രൂപ കവർന്നെന്ന പരാതിയിലാണ് ഇവരെ ആലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റ് ലോറികളിൽ നിന്ന് കവർന്ന 2100 രൂപ ഇവരിൽ നിന്ന് പൊലീസ് കണ്ടെടുത്തു. കവർച്ചാ ശ്രമം, പിടിച്ചുപറി എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
ആലത്തൂർ എസ്.ഐ.കെ.എ ഗോപി ,അഡീഷണൽ എസ്.ഐ അബ്ദുൾ റഹിമാൻ, സി.പി.ഒമാരായ പ്രകാശൻ, ഉണ്ണികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.ആലത്തൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇവരെ റിമാൻഡ് ചെയ്തു.