പാലക്കാട്: കാട്ടാനകളെ തുരത്താൻ നാട്ടുകാർ രംഗത്തിറങ്ങി. കോട്ടേക്കാട് ആറങ്ങോട്ടുകുളമ്പിൽ കാട്ടാനകളിറങ്ങുന്നത് തടയുന്നതിന് വനംവകപ്പോ ബന്ധപ്പെട്ടവരോ നടപടിയെടുക്കാത്ത സഹാചര്യത്തിലാണ് നാട്ടുകാർ അടിക്കാടുകളും വഴിയോരത്തെ പൊന്തക്കാടുകളും വൃത്തിയാക്കാൻ മുന്നിട്ടിറങ്ങിയത്.
അടിക്കാടുകൾ പാതയോരത്ത് തിങ്ങി നിൽക്കുന്നത് കാരണം കാട്ടാനകൾ റോഡിൽ വന്നിറങ്ങിയാൽ പോലും യാത്രക്കാർക്ക് കാണാൻ സാധിക്കില്ല. ഇതാണ് പലപ്പോഴും അപകടത്തിനിടയാക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. ഇന്നലെ ആറങ്ങോട്ടുകുളമ്പിലെ റോഡിരകിലെ അടിക്കാടുകൾ നാട്ടുകാർ വൃത്തിയാക്കി. ആറോട്ടുകുളമ്പിൽ കാട്ടാനശല്യം മൂലം പകൽ സമയങ്ങളിൽ പോലും ജനങ്ങൾക്ക് പുറത്തിറങ്ങാൻ സാധിക്കുന്നില്ല. കഴിഞ്ഞ ദിവസം ഈ മേഖലയിൽ കാട്ടാനയുടെ ചവിട്ടേറ്റ് വാച്ചർക്ക് പരിക്കേറ്റിരുന്നു. ആനയെ തുരുത്തുന്നതിനിടെയാണ് വാച്ചർ ജയദേവന് പരിക്കേറ്റത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് വാളയാറിലും കാട്ടാനയുടെ ആക്രമത്തിൽ വനവകുപ്പിലെ വാച്ചർ കൊല്ലപ്പെട്ടിരുന്നു.
മലമ്പുഴ പ്രദേശത്ത് കാട്ടാനകളിറങ്ങുന്നത് സാധാരണമായിരിക്കുകയാണ്. കാട്ടാനകളിറങ്ങുന്നത് തടയാൻ വന വകുപ്പ് കമ്പി വേലി കെട്ടുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇതുവരെ നടപടിയായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. വനം വകുപ്പ് കാട്ടാനകളെ കാട്ടിലേക്ക് തുരുത്തുന്നുണ്ടെങ്കിലും ഫലപ്രദമാകുന്നില്ല. തുരുത്തുന്തോറും അതേവേഗത്തിൽ തന്നെ കാട്ടാനകൾ തിരിച്ചിറങ്ങുകയാണ്. അപകടകാരികളായ കാട്ടാനകൾ കൃഷി വ്യാപകമായി നശിപ്പിക്കുന്നതും പതിവാണ്.
ഇതിൽ പൊറുതിമുട്ടിയാണ് നാട്ടുകാർ തന്നെ പ്രദേശത്തെ അടിക്കാടുകൾ വെട്ടിനശിപ്പിക്കാൻ തയ്യാറായത്.