ചിറ്റൂർ: 2019- 20 അധ്യയന വർഷത്തെ പ്രൈമറി അധ്യാപകരുടെ അവധിക്കാല പരിശീലനം ഒന്നാംഘട്ടം സമാപിച്ചു. ഈ മാസം ഏഴു മുതൽ 10 വരെ നടന്ന ഒന്നാംഘട്ട പരിശീലനം ഇത്തവണ ശില്പശാലയായിട്ടാണ് സംഘടിപ്പിച്ചത്. ചിറ്റൂർ ബി.ആർ.സി പരിധിയിൽ 9 കേന്ദ്രങ്ങളിലായിട്ടാണ് പരിശീലനം നടന്നത്. നാനൂറോളം അധ്യാപകർ പങ്കെടുത്തു. മേയ് 13 മുതൽ 16 വരെ രണ്ടാംഘട്ട പരിശീലനം നടക്കും.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പശ്ചാത്തലത്തിൽ ഓരോ വിദ്യാലയങ്ങളിലും നടപ്പിലാക്കേണ്ട പരിപാടികൾ ഒരുമിച്ചിരുന്ന് ആസൂത്രണം ചെയ്യുകയും വിവിധ കർമ്മ പദ്ധതികൾ തയ്യാറാക്കലുമാണ് നാല് ദിവസത്തെ ശില്പപശാലയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പരിസ്ഥിതി സൗഹൃദമായി നടന്ന പരിശീലനത്തിൽ നോട്ടുപുസ്തകത്തോടൊപ്പം അധ്യാപകർക്ക് നല്കിയത് വിത്തു പേനയായിരുന്നു. റീഫീൽ മാത്രം പ്ലാസ്റ്റിക് അടങ്ങിയപേപ്പർ പേന ചിറ്റൂരിലെ ഗോപിയാണ് നിർമ്മിച്ച് നല്കിയത്. ഒരപകടത്തെ തുടർന്ന് അരക്ക് കീഴ്‌പ്പോട്ട് തളർന്നു എട്ട് വർഷമായി വീട്ടിൽ കഴിയുകയാണ് ഗോപി. ഒരു പേനയിൽനിന്ന് ഒരു ചെടി എന്നൊരു സന്ദേശം നല്കിയാണ് പരിശീലനം സംഘടിപ്പിച്ചത്.
ചിറ്റൂർ ജി.വി.എൽ.പി.സ്‌കൂളിൽ നടന്ന പരിശീലനം ചിറ്റൂർ എ.ഇ.ഒ.ആർ.ജയശ്രീ ഉദ്ഘാടനം ചെയ്തു. ബി.ആർ.സി.യിൽ നടന്ന പരിശീലനം ബി.പി.ഒ.മനചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർമാരായ റജീന, സിസ്റ്റർ തെരേസ്സ, രാജാമണി.ടി.കെ., ഗീത എം.ജി., ബാബുരാജ്, ഉമ്മർ ഫാറൂക്ക് എന്നിവർ വിവിവ കേന്ദ്രങ്ങളിൽ നടന്ന പരിശീലനം ഉദ്ഘാടനം ചെയ്തിരുന്നു.