പാലക്കാട്: നഗരത്തിലെ മാലിന്യം നീക്കം പുനരാരംഭിച്ചിട്ട് ഒരാഴ്ച പിന്നിടുമ്പോൾ ഇതുവരെയായി 28 ടൺ മാലിന്യമാണ് ട്രഞ്ചിംഗ് ഗ്രൗണ്ടിലേക്ക് എത്തിച്ചത്. ഇതോടെ രണ്ടരമാസത്തോളമായി നഗരവാസികൾ അനുഭവിച്ച വലിയപ്രതിസന്ധിക്ക് ഒരു അയവുവന്നിട്ടുണ്ട്.

മേലാമുറി പച്ചക്കറി മാർക്കറ്റ്, പട്ടിക്കര, മുനിസിപ്പൽ ബസ് സ്റ്റാന്റ്, സ്റ്റേഡിയം ബസ് സ്റ്റാന്റ് തുടങ്ങിയ പരിസരങ്ങളിലെ മാലിന്യമാണ് നീക്കുന്നത്. രണ്ട്, ആറ് ഹെൽത്ത് ഡിവിഷനുകളുടെ പരിധിയിലുള്ള സ്ഥലങ്ങളാണ് ഇവ. ജൈവമാലിന്യങ്ങൾ മാത്രമാണ് ഗ്രൗണ്ടിലേക്ക് കൊണ്ടുപോകാൻ സാധിക്കുകയുള്ളൂ. ഇതോടെ പ്ലാസ്റ്റിക് മാലിന്യങ്ങൾ വൃത്തിയാക്കി ചാക്കിൽ കെട്ടി അതാത് ഹെൽത്ത് ഡിവിഷനുകളിലെ തുമ്പൂർമുഴി കേന്ദ്രങ്ങളുടെ കോംമ്പൗണ്ടിലാണ് സൂക്ഷിച്ചിരിക്കുന്നത്.

* പ്ലാസ്റ്റിക് മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനി നീക്കം ചെയ്യാമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി അധികൃതർ വന്ന് പരിശോധന നടത്തിയിരുന്നു. കൂടാതെ മധുക്കരയിലെ എ.സി.സി സിമന്റ് ഫാക്ടറിക്ക് നൽകാനും തീരുമാനിച്ചിട്ടുണ്ട്. ഉടൻതന്നെ ഇവ നീക്കം ചെയ്യും.

പ്രമീള ശശിധരൻ, ചെയർപേഴ്‌സൺ, പാലക്കാട് നഗരസഭ.

* ട്രഞ്ചിംഗ് ഗ്രൗണ്ടിൽ രണ്ട് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ പരിശോധനയും കാമറയും സ്ഥാപിച്ചിട്ടുണ്ട്. അതിനാൽ പ്ലാസ്റ്റിക് മാലിന്യം കൊണ്ടുപോയാൽ പിടിക്കപ്പെടും. ദിനംപ്രതി നഗരത്തിൽ നിന്ന് മൂന്നുമുതൽ അഞ്ചു ടൺവരെ മാലിന്യം നീക്കം ചെയ്യുന്നുണ്ട്. ഹരിത കർമ്മസേന ഉടൻ രൂപവത്കരിക്കും. ഇതോടെ ജൈവ, അജൈവ മാലിന്യങ്ങൾ വീടുകളിൽ നിന്ന് ശേഖരിച്ചു തുടങ്ങും. മണികണ്ണൻ, ഹെൽത്ത് സൂപ്പർവൈസർ, പാലക്കാട് നഗരസഭ.