വടക്കഞ്ചേരി: മഴക്കാല പൂർവ ശുചീകരണ പ്രവർത്തനത്തിൽ തുടക്കത്തിലേ കല്ലുകടി. പഞ്ചായത്തിലെ വാർഡുകളിൽ ശുചിത്വ സമിതികളുടെ പ്രവർത്തനം കാര്യക്ഷമമല്ല എന്നതാണ് മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ താളംതെറ്റാൻ കാരണം. വ്യാപാരികൾ, റസിഡന്റ് അസോസിയേഷനുകൾ, സന്നദ്ധ സംഘടനകൾ എന്നിവരെ വിളിച്ചുചേർത്ത് നടപ്പിലാക്കേണ്ട ശുചീകരണ പ്രവർത്തികൾ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിലാണ് നടത്തുന്നത്.
പഞ്ചായത്തുകളുടെ നേതൃത്വത്തിൽ സ്ഥിരമായ മാലിന്യസംസ്‌കരണ പദ്ധതികൾ നടപ്പിലാക്കാത്തതിനാൽ കുന്നുകൂടിയ മാലിന്യങ്ങൾ നിലവിൽ കത്തിക്കുകയും, പൊതുസ്ഥലങ്ങളിൽ തന്നെ കുഴിച്ചുമുടുകയുമാണ് ചെയ്യുന്നത്. പഞ്ചായത്തുകളിൽ ഗ്രീൻപ്രോട്ടോക്കോൾ നടപ്പിലാക്കണമെന്നും, 50 മൈക്രോണിന് താഴെയള്ള പ്ലാസ്റ്റിക്ക് സഞ്ചികൾ നിരോധിക്കണമെന്ന നിർദ്ദേശവും നടപ്പിലാക്കിയിട്ടില്ല. പഞ്ചായത്തിന്റെ ആളൊഴിഞ്ഞ പ്രദേശങ്ങളിലും റോഡോരത്തും കുന്നുകൂടുന്ന മാലിന്യത്തിന്റെ വലിയൊരു അളവ് പ്ലാസ്റ്റിക് മാലിന്യങ്ങളുമാണ്. ശുചിത്വ സമിതികൾ മാസത്തിലൊരിക്കൽ പരശോധന നടത്തി നടപടി സ്വീകരണമെന്ന നിർദ്ദേശവും നടപ്പിലായിട്ടില്ല.
* വാർഡ് ശുചീകരണത്തിന് 25000 രൂപ
ശുചിത്വ പദ്ധതിപ്രകാരം ഒരു വാർഡിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിന് ശുചിത്വമിഷൻ പദ്ധതി വിഹിതമായി 10,000 രൂപയും, നാഷ്ണൽ ഹെൽത്ത് മിഷൻ വിഹിതമായി 10,000 രൂപയും, പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്ന് 5,000 രൂപയും ഉൾപ്പെടെ 25000 രൂപയാണ് ചെലവഴിക്കുന്നത്. എന്നിട്ടും മാലിന്യങ്ങൾ പൂർണമായി നീക്കുവാനോ, മാലിന്യം കൊണ്ടിടുന്നത് തടയുവാനോ അധികൃതർക്ക് കഴിയുന്നില്ല. ശുചിത്വ സമിതികൾക്ക് അനുവദിക്കുന്ന തുക ബോധവൽകരണ ബോർഡു സ്ഥാപിക്കലിൽ ഒതുങ്ങുകയാണ്.