പട്ടാമ്പി: മുളയൻകാവ് ഭഗവതിക്ഷേത്രത്തിലെ കാളവേല ഇന്ന്, ചൊവ്വാഴ്ചയാണ് പൂരം. കുലുക്കല്ലൂർ, നെല്ലായ, വല്ലപ്പുഴ, ചളവറ പഞ്ചായത്തുകൾ ഉൾപ്പെടുന്ന തട്ടകമാണ് മുളയൻകാവിനുള്ളത്.

രാവിലെ ദേശങ്ങളിൽ കാളകെട്ടി അറിയിക്കുന്നതോടെ ആഘോഷങ്ങൾ തുടങ്ങും. രാത്രിയോടെ വാദ്യഘോഷങ്ങളും ആർപ്പുവിളികളുമായി ഇണക്കാളകളുടെ വരവുകൾ തുടങ്ങും. പുറമത്തറ ദേശത്തിനാണ് കാളവേലയുടെ നടത്തിപ്പ് ചുമതല.
ക്ഷേത്രത്തിൽ വൈകുന്നേരം സംഗീത കച്ചേരി, തായമ്പക, കേളി, കുഴൽപ്പറ്റ്, എന്നിവക്ക് ശേഷം രാത്രി 11ന് കാളപ്രദീക്ഷണം ആരംഭിക്കും. തുടർന്ന് കാളയിറക്കുവും, പുലർച്ചെ കാളക്കറ്റവും കാളകളിയും നടക്കും. ശേഷം കൂത്ത് മാടത്തിൽ തോൽപ്പാവകുത്തും ഉണ്ടായിരിക്കും.
14ന് ഉച്ചയക്ക് സന്ധ്യവേലക്ക് വിളക്ക് വെക്കുന്നതോടെ പൂര ചടങ്ങുകൾ ആരംഭിക്കും. തായമ്പക, കേളി, കുഴൽപ്പറ്റ്, കൊമ്പ് പറ്റ് എന്നിവക്കുശേഷം താലപ്പൊലി പറമ്പിൽ നിന്നും താലം നിരത്തിയുള്ള തേര് എഴുന്നെള്ളിപ്പും പഞ്ചവാദ്യവും അരങ്ങേറും. ക്ഷേത്ര പറമ്പിൽ ചവിട്ടുകളിയും ചെറുകോട് ദേശത്തിന്റെ ഹരിജന വേലയും, തിറകളും പൂതനും, പറയപ്പൂതനും കാളയും കളിച്ച് തിമർക്കും. ഉപവേലകളും ക്ഷേത്രത്തിലെത്തും. രാത്രി എഴു മണിയോടെ വെളിച്ചപ്പാടുമാരുടെ നൃത്തവും അരിയേറും നടക്കും.രാത്രി പകൽപൂരച്ചടുങ്ങുകളുടെ തനിയാവർത്തനവും കൂത്തുമാടത്തിൽ ശ്രീരാമപട്ടാഭിഷേകം തോൽപ്പാവകൂത്തും നടക്കും.