വടക്കഞ്ചേരി: നഗരത്തിലെ സെന്റ്. ഫ്രാൻസിസ് സ്‌കൂളിന് സമീപം നിർത്തിയിട്ടിരുന്ന ലോറി കത്തിനശിച്ച നിലയിൽ. കൊഴുക്കുള്ളി വാണിയംകോട് സ്വദേശിയായ ഗുരുദാസാണ് ലോറിയുടെ ഡ്രൈവർ. സ്ഥിരമായി ഇവിടെ ലോറി നിർത്തിയാണ് ഡ്രൈവർ വീട്ടിൽ പോകാറുള്ളത്. ശനിയാഴ്ച പകൽ രണ്ടുമണിക്ക് ലോറി നിർത്തിയിട്ടിരുന്നു. ഞായറാഴ്ച പുലർച്ചെ ഒന്നരയോടുകൂടി ലോറി കത്തുന്നത് കണ്ട സമീപവാസിയായ മുരളി വടക്കഞ്ചേരി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഉടനെ ഫയർഫോഴ്‌സ് എത്തി തീ അണച്ചു.

ലോറിയുടെ കാബിൻ ഒഴികെയുള്ള ഭാഗങ്ങളെല്ലാം കത്തിയനിലയിലാണ്. ലോറിയുടെ ചില്ലുകൾ തല്ലിതകർത്തിട്ടുണ്ട്. വാൾകൊണ്ട് ചില്ലിൽ വെട്ടിയതാണെന്ന് കരുതുന്ന പാടുകളുമുണ്ട്. ലോറിയുടെ അടിവശവും ടയറുകളും പൂർണമായി കത്തിനശിച്ചു. ടയർ പൊട്ടുന്ന ശബ്ദം കേട്ടാണ് സമീപവാസികൾ വിവരം അറിഞ്ഞത്. ഫയർഫോഴ്‌സ് വന്ന് തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. തൃശൂർ ചിയ്യാരം പള്ളിക്കുന്നൻ റാഫിയുടെ ഉടമസ്ഥതയിലുള്ളതാണ് ലോറി. വടക്കഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.