പാലക്കാട്: റെയിൽവേ ജംഗഷനിൽവച്ച് ദുരുഹ സാഹചര്യത്തിൽ കണ്ടെത്തിയ ആസാം സ്വദേശിയായ പെൺകുട്ടിയെ ചൈൽഡ് ലൈനിന്റെ സ്നേഹിതാ ഹോമിലേക്ക് മാറ്റി. തൊഴിൽ വാഗ്ദാനം നൽകി കേരളത്തിലെത്തിച്ച ഏജന്റ് പൊലീസ് സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോ മുങ്ങിയതായാണ് സൂചന. ഇതോടെ സംഭവത്തിൽ മനുഷ്യക്കടത്തുമായി ബന്ധമുണ്ടോ എന്നതു സംബന്ധിച്ച് റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു.
മെയ് ഏഴിനാണ് പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ വച്ച് പെൺകുട്ടിയെ ദുരുഹസാഹചര്യത്തിൽ യാത്രക്കാർ കണ്ടെത്തിയത്. വിവരം അറിയിച്ചതിനെ തുടർന്ന് റെയിൽവേ സംരക്ഷണ പൊലീസ് പെൺകുട്ടിയെ കസ്റ്റഡിയിലെടുത്തെങ്കിലും കൂടുതൽ വിവരങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ലെന്നാണ് അറിയുന്നത്. തൊഴിൽ വാഗ്ദാനം ചെയ്ത് ഒരുസ്ത്രീ തന്നെ കൊണ്ടുവന്നതാണെന്ന് പറയുന്നുണ്ടെങ്കിലും യഥാർത്ഥ പ്രായമോ, മറ്റു വിവരങ്ങളോ പെൺകുട്ടി പോലീസിനോട് പറഞ്ഞിട്ടില്ല. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് റെയിൽവേ പൊലീസ് ആസാം പൊലീസുമായി ബന്ധപ്പെട്ട് വരുകയാണെന്നാണ് സൂചന.
കഴിഞ്ഞ ദിവസം മണ്ണാർക്കാട് ആലിപ്പറമ്പിന് സമീപം തോണിക്കടവിൽ 22 വയസുകാരിയായ ആസാം സ്വദേശിനിയെ അയൽവാസി കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചിരുന്നു. കഴുത്തിൽ ഗുരുതരമായി പരിക്കേറ്റ ഇവരെ ഇ.എം.എസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഈ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.
രാജ്യത്തിന്റെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നായി കേരളത്തിലേക്ക് നിരവധിയാളുകളാണ് തൊഴിലന്വേഷിച്ച് എത്തുന്നത്. ഇവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. ഇവരെ സംബന്ധിച്ച കൃത്യമായ രേഖകൾ അധികൃതരുടെ കൈവശമില്ല എന്നതാണ് യാഥാർത്ഥ്യം. അതുകൊണ്ടു ഇത്തരം സംഭവങ്ങൾക്ക് പിന്നിൽ മനുഷ്യക്കടത്തിന്റെ സാദ്ധ്യത തള്ളിക്കളയാൻ കഴിയില്ല. അതേസമയം ആസമിൽ പൗരത്വബില്ലുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിലും തുടർ സംഭവങ്ങളിലും ആശങ്കയിലായ ജനങ്ങൾ കേരളത്തിലേക്കടക്കം പലായനം ചെയ്യുന്നുണ്ടെന്നും വിവരമുണ്ടെന്ന് പൊലീസ് പറയുന്നു.