ഒറ്റപ്പാലം: ലഹരിക്ക് അടിമകളായവർക്ക് വിമുക്തി നൽകാനുള്ള ഡീ അഡിക്ഷൻ വാർഡ് താലൂക്ക് ആശുപത്രിയിൽ തുടങ്ങുന്നു. ആശുപത്രിയിൽ പ്രവർത്തനരഹിതമായി കിടക്കുന്ന പഴയ വനിത വാർഡ് കെട്ടിടത്തിലാണ് ഡീ അഡിക്ഷൻ വാർഡ് പ്രവർത്തനം ആരംഭിക്കുന്നത്. ആധുനിക രീതിയിലുള്ള ചികിത്സ സംവിധാനങ്ങളാണ് വിഭാഗത്തിലുണ്ടാവുക. ഇതിനായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
2014ലാണ് താലൂക്ക് ആശുപത്രിയിൽ ഡീ അഡിക്ഷൻ വിഭാഗം അനുവദിച്ചത്. എന്നാൽ അഞ്ചുവർഷം കഴിഞ്ഞിട്ടും പ്രവർത്തനം തുടങ്ങാനായിരുന്നില്ല. എട്ടുലക്ഷം രൂപ ചെലവിലാണ് നിർമ്മാണം. ജനറൽ വാർഡുകളും വനിതാ-പുരുഷ വാർഡുകളും പരിശോധന മുറികളും വിഭാഗത്തിലുണ്ടാകും. ലഹരി വിമുക്തിക്കൊപ്പം മാനസിക ആരോഗ്യ ചികിത്സയും നൽകാനാണ് അധികൃതരുടെ പദ്ധതി. ഒരേ സമയം 30 രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യ കേന്ദ്രത്തിലുണ്ടാകും. ഇതിനായി ഒരു മാനസികാരോഗ്യ വിദഗ്ദ്ധനെയും നഴ്സുമാരെയും കരാർ അടിസ്ഥാനത്തിൽ നിയമിക്കും.
ആശുപത്രിയിലെ ഡോ.ദീപുവിനാണ് ഡീഅഡിക്ഷൻ വിഭാഗത്തിന്റെ ചുമതല. സ്വകാര്യ ആശുപത്രികളിൽ വൻചെലവ് വരുന്ന ചികിത്സ ഒറ്റപ്പാലത്ത് സർക്കാർ ആശുപത്രിയിൽ തുച്ഛമായ ചെലവിൽ ചെയ്യാനാകുമെന്നതാണ് പ്രത്യേകത. സ്വകാര്യ ആശുപത്രികളിൽ 50,000 രൂപ മുതൽ ഒരുലക്ഷം രൂപവരെയാണ് ലഹരി വിമുക്തിക്കുള്ള ചികിത്സാ ചെലവ്. മരുന്നുകൾക്ക് മാത്രമാണ് താലൂക്ക് ആശുപത്രിയിലെ കേന്ദ്രത്തിൽ ചെലവ് വരികയെന്നും മരുന്നുകളും ഫാർമസിയിലെത്തിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും കെട്ടിടത്തിന്റെ പണി പൂർത്തിയാകുന്നതോടെ പ്രവർത്തനം തുടങ്ങുമെന്നും അധികൃതർ അറിയിച്ചു.