ഒറ്റപ്പാലം: ഒറ്റപ്പാലത്ത് ആരംഭിച്ച കിൻഫ്രയുടെ കേരളത്തിലെ ആദ്യത്തെ പ്രതിരോധ പാർക്കിന്റെ നിർമ്മാണം അവസാന ഘട്ടത്തിൽ. 80 ഏക്കർ സ്ഥലത്ത് നിർമ്മിക്കുന്ന പ്രതിരോധ പാർക്കിലെ രണ്ട് കെട്ടിടങ്ങളുടെ നിർമ്മാണമാണ് അവസാന ഘട്ടത്തിൽ എത്തിയിരിക്കുന്നത്. 85 ശതമാനം നിർമ്മാണം പൂർത്തിയായതോടെ പ്രതിരോധ പാർക്കിന്റെ മാർക്കറ്റിംഗ് വിഭാഗം പ്രവർത്തനം തുടങ്ങി.
ഡിസംബറിൽ പണി പൂർത്തിയാക്കാനും ജനുവരിയിൽ പ്രവർത്തനം ആരംഭിക്കാനുമാണ് നിർദ്ദേശം ഉണ്ടായിരുന്നതെങ്കിലും കെട്ടിട നിർമ്മാണം വൈകിയതോടെ അത് പ്രാവർത്തികമായില്ല. തുടർന്ന് നിർമ്മാണം പൂർത്തിയാകാൻ നിൽക്കാതെ കമ്പനികളെ നിയമിക്കാനുള്ള മാർക്കറ്റിംഗ് വിഭാഗം പ്രവർത്തനം ആരംഭിക്കുകയായിരുന്നു.
പ്രതിരോധ പാർക്കിലെ അഞ്ച് കെട്ടിടങ്ങളിലെ സാമഗ്രികൾ സൂക്ഷിക്കാനുള്ള വെയർ ഹൗസ്, യൂട്ടിലിറ്റി സെന്റർ, ഓഫീസ് കെട്ടിടം എന്നിവയാണ് പൂർത്തിയായത്. കോമൺ ഫെസിലിറ്റി സെന്ററിന്റെയും അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെയും നിർമ്മാണമാണ് ഇനി പൂർത്തിയാകാനുള്ളത്. പാർക്കിനകത്തെ ആവശ്യങ്ങൾക്കുള്ള റോഡുകളുടെ നിർമ്മാണവും അവസാന ഘട്ടത്തിലാണ്.