hospital
വനിതാശിശു ആശുപത്രിയിലെ ശൗചാലത്തിൽ ലോക്ക് ഇല്ലാത്തതിനാൽ സഹായികൾ പുറത്ത് കാത്തുനിൽക്കുന്നു.

പാലക്കാട്: ജില്ലാ വനിതാശിശു ആശുപത്രിയിലെ ശൗചാലയത്തിന്റെ അവസ്ഥ പരിതാപകരമാണ്. ശൗചാലയങ്ങളുടെ എണ്ണം മാത്രമേ ഇവിടെ കൂടുതലുള്ളൂ. ഉപയോഗിക്കാവുന്നവ വളരെ ചുരുക്കം മാത്രം. കാരണം പകുതിയിലധികം വാതിൽ ഇല്ലാത്തവയാണ്. വാതിൽ ഉള്ളവയിലോ ലോക്കുമില്ല. ഇതുമൂലം ആശുപത്രിയിൽ എത്തുന്ന ഗർഭിണികളും പ്രായമായവരും അടക്കമുള്ളവർ വളരെയധികം ബുദ്ധിമുട്ടുന്നു.

വാതലുകളിൽ ലോക്ക് ഇല്ലാത്തതിനാൽ പ്രാഥമികാവശ്യങ്ങൾക്കും കുളിക്കാനും പോകുന്നവരോടൊപ്പം പുറത്ത് കാത്തുനിൽക്കാനായി ഒരാൾ കൂടി പോകേണ്ട സ്ഥിതിയാണ്. ഇതും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. കൂടാതെ അഴുക്കു വെള്ളം പോകുന്ന പൈപ്പുകൾ അടഞ്ഞതോടെ പല ശൗചാലയങ്ങളിലും വെള്ളം കെട്ടിനിൽക്കുന്നു. പാത്രങ്ങൾ കഴുകാൻ പ്രത്യേക സംവിധാനങ്ങളില്ലാത്തതിനാൽ ശൗചാലയം തന്നെയാണ് രോഗികളുടെ ആശ്രയം. പല ശൗചാലയങ്ങളിലും രാത്രി ലൈറ്റില്ലാത്തത് മറ്റൊരു ദുരിതം. ഇത്തവയെല്ലാം അതിജീവിച്ചാണ് രോഗികളും കൂടെയുള്ളവരും ഓരോ ദിനവും തള്ളിനീക്കുന്നത്.

ആഴ്ചകളോളം ആശുപത്രിയിൽ ചികിത്സയ്ക്കായി കഴിയേണ്ടി വരുന്നവർക്കാണ് കൂടുതൽ വിഷമം. ശൗചാലയത്തിൽ നിന്ന് വെള്ളം ഒഴുകി പോകാത്തതാണ് കൂടുതൽ വലയ്ക്കുന്നത്. ഇതുകാരണം ഒരാൾ കയറിയാൽ മണിക്കൂറുകൾ കഴിഞ്ഞുവേണം മറ്റൊരാൾക്ക് പ്രവേശിപ്പിക്കാൻ. ഇത് സമയനഷ്ടം ഉണ്ടാക്കുന്നുയെന്ന് മകളോടൊപ്പം ആശുപത്രിയിൽ നിൽക്കുന്ന കൊല്ലങ്കോട് സ്വദേശി കമലം പറഞ്ഞു.

കാലപ്പഴക്കമാണ് ശൗചാലയത്തിന്റെ ഇപ്പോഴത്തെ ശോചനീയാവസ്ഥയ്ക്ക് കാരണം. ആശുപത്രിയുടെ നവീകരണത്തിനായി കഴിഞ്ഞ വർഷം ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതിൽ ശൗചാലയം, ഡ്രൈനേജ്, പൈപ്പുകൾ എന്നിവയുടെ നവീകരണം നടത്തും. പ്രവൃത്തി ഉടൻ തുടങ്ങണമെന്ന് ഇന്ന് നടക്കുന്ന ജില്ലാ പഞ്ചായത്തിന്റെ പ്രൊജക്ട് മീറ്റിംഗിൽ ആവശ്യപ്പെടും.

-ഡോ.പി.കെ.ജയശ്രീ, സൂപ്രണ്ട്, വനിതാശിശു ആശുപത്രി.