waste
ഷൊർണൂരിലെ ചെറുകിട വ്യവസായ കേന്ദ്രത്തിൽ മാലിന്യം കൂട്ടിയിട്ടിരിക്കുന്നു.

ഷൊർണൂർ: കുളപ്പുള്ളി മെറ്റൽ ഇൻഡസ്ട്രീസിന് സമീപമുള്ള ചെറുകിട വ്യവസായ കേന്ദ്രം പ്രവർത്തന സജ്ജമാക്കുമെന്ന നഗരസഭയുടെ വാക്ക് കടലാസിൽ മാത്രം. നഗരസഭാ ഭരണ സമിതി ചെറുകിട വ്യവസായ കേന്ദ്രത്തെ പുനരുദ്ധരിച്ച് ഇരുമ്പ് വ്യവസായ സംരംഭകർക്ക് പ്രയോജനപ്പെടുത്തുമെന്ന് കഴിഞ്ഞ 15 വർഷമായി പറയുന്നത് ഷൊർണൂരിലെ ചെറുകിട, ഇരുമ്പുരുക്ക് വ്യവസായികളെ വഞ്ചിക്കാനാണെന്നാണ് ആരോപണം.

നിലവിൽ വ്യവസായ കേന്ദ്രം നഗരസഭയിലെ മാലിന്യം ശേഖരിച്ച് കുമിഞ്ഞ് കൂട്ടിയിരിക്കുന്ന സ്ഥലമായി മാറിയിരിക്കുകയാണ്. നൂറുകണക്കിന് വരുന്ന ഷൊർണൂരിലെ ചെറുതും വലുതുമായ ഇരുമ്പ് വ്യവസായ കേന്ദ്രങ്ങളെ പരിപോഷിപ്പിക്കാനാവുന്ന വിധം മെഷീനുകൾ സജ്ജമായിട്ടുള്ള ഈ സെന്റർ നഗരസഭ ലക്ഷങ്ങൾ മുടക്കി വാങ്ങിയതാണ്. കേരളത്തിലെ ഏറ്റവും കൂടുതൽ ഇരുമ്പ് വ്യവസായ കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന ഷൊർണൂർ നഗരത്തിൽ ചെറുകിട കുടിൽ വ്യവസായ സംരംഭകർക്ക് ഈ സ്ഥാപനം ഏറെ പ്രയോജനപ്പെട്ടിരുന്നു.

പവ്വർ ഹാമർ പോലുള്ള ലക്ഷങ്ങളുടെ മുതൽ മുടക്കള്ള യന്ത്രങ്ങൾ ഈ വ്യവസായ കേന്ദ്രത്തിൽ സ്ഥാപിച്ചിട്ടുണ്ട്. ഇരുമ്പ് കാർഷികോപകരണങ്ങൾ രൂപപ്പെടുത്തുന്നതിനാണ് പവ്വർ ഹാമർ പോലുള്ള മെഷീൻ ചെറുകിട വ്യവസായികൾക്ക് ഉപകാരപ്പെട്ടിരുന്നത്. വാടകയ്ക്ക് ഈ മെഷിനുകൾ ചെറുകിട വ്യവസായികൾക്ക് പ്രയോജനപ്പെടുത്താനായിരുന്നു നഗരസഭയുടെ ലക്ഷ്യം.

കൂടാതെ ഇരുമ്പുരുക്ക് വ്യവസായ രംഗത്തേക്ക് കൂടുതൽ പേർക്ക് കടന്നു വരാനും ഇതൊരു വേദിയായിരുന്നു. വ്യവസായ കേന്ദ്രം പൂട്ടിയതോടെ ചെറുകിട ഇരുമ്പ് വ്യവസായികൾക്ക് കനത്ത തിരിച്ചടിയാണുണ്ടായത്. നഗര ഭരണ സമിതി എല്ലാ വർഷവും ബഡ്ജക്ട് പുസ്തകത്തിൽ ചെറുകിട വ്യവസായ കേന്ദ്രം തുറക്കുമെന്ന് പറയുമെങ്കിലും 15 വർഷമായി ഒന്നും നടന്നില്ല.

പി.കെ.ശശി എം.എൽ.എ അടച്ചുപൂട്ടിയ സ്ഥാപനം സന്ദർശിച്ച് പുനരുദ്ധാരണത്തിന് വേണ്ടത് ചെയ്യാമെന്ന് പറഞ്ഞിരുന്നു. എന്നാൽ മൂന്നര വർഷം കഴിഞ്ഞിട്ടും പരിഹാരം കാണാൻ നഗരസഭയ്ക്കോ എം.എൽ.എക്കോ കഴിഞ്ഞിട്ടില്ല. ഇരുമ്പുരുക്ക് മേഖലയിൽ കാർഷിക ഉപകരണങ്ങളാണ് കൂടുതൽ ഷൊർണൂരിൽ നിന്ന് കയറ്റി അയക്കുന്നത്. എന്നാൽ അന്യസംസ്ഥാനങ്ങളിൽ നിന്നും വിലയിൽ കുറവായി വരുന്ന കാർഷിക ഉപകരണങ്ങൾക്ക് മുന്നിൽ കേരള ഉപകരണങ്ങൾ നിലനില്പിനായി പാടുപെടുകയാണ്. അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയും ഇവിടെ കാര്യമായി ബാധിക്കുന്നുണ്ട്.