road
കുണ്ടും കുഴിയും നിറഞ്ഞ കോട്ടത്തറ ചാവടിയൂർ റോഡ്.

അഗളി: കോട്ടത്തറ- ചാവടിയൂർ പുതൂർ റോഡ് പൊട്ടിപ്പൊളിഞ്ഞ നിലയിലായിട്ട് വർഷങ്ങളായി. റോഡിന്റെ നവീകരണം എന്നാരംഭിക്കുമെന്ന ചോദ്യവുമായി ദിവസങ്ങൾ തള്ളിനീക്കുകയാണ് പ്രദേശവാസികൾ. തിരഞ്ഞെടുപ്പിന് മുന്നോടിയായി റോഡിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചതല്ലാതെ ഒരു പ്രവൃത്തിയും ഇതുവരെ ആരംഭിച്ചില്ല.

താത്കാലിക പരിഹാരത്തിനായി കുഴിയടക്കൽ പോലും നടത്തിയില്ല. മഴ പെയ്യുന്നതോടെ റോഡിന്റെ പുനർനിർമ്മാണം ഇനിയും നീണ്ടുപോകുമെന്നും മഴക്കാലത്തും ദുരിത യാത്ര തുടരേണ്ടി വരുമെന്ന ആശങ്കയിലാണ് നാട്ടുകാർ. കോട്ടത്തറ മുതൽ ചാവടിയൂർ വരെയുള്ള ആറു കിലോമീറ്റർ റോഡിന്റെ നിർമ്മാണത്തിനായി അഞ്ചുകോടി രൂപ പൊതുമരാമത്ത് വകുപ്പ് വകയിരുത്തിയിട്ടുണ്ട്.

5.5 മീറ്റർ വീതിയിൽ റബ്ബറൈസ്ഡ് റോഡ് നിർമ്മിക്കുന്നതിനാണ് പദ്ധതി. വെള്ളമാരി, കൽക്കണ്ടിയൂർ, പട്ടിമാളം, വടകോട്ടത്തറ, കോട്ടത്തറ തുടങ്ങിയ സ്ഥലങ്ങളിലെ ആദിവാസികൾ ഉൾപ്പെടെയുള്ള നൂറുകണക്കിന് കുടുംബങ്ങളാണ് ഈ വഴിയെ ആശ്രയിക്കുന്നത്. കോട്ടത്തറ ഭാഗത്തുനിന്ന് മുള്ളി വഴി ഊട്ടിയ്ക്ക് പോകുന്നവരും ഇതുവഴിയാണ് യാത്ര ചെയ്യേണ്ടത്. സ്വർണഗദ്ദ, ഇടവാണി തുടങ്ങിയ വിദൂര ഊരിൽ നിന്നുള്ളവർ കോട്ടത്തറ ആശുപത്രിയിൽ എത്തണമെങ്കിൽ ഈ വഴിയെ ആശ്രയിക്കേണ്ട സ്ഥിതിയാണ്.

കോട്ടത്തറ ചാവടിയൂർ റോഡ് നവീകരണത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർക്ക് പദ്ധതി സമർപ്പിച്ചിട്ടുണ്ട്. അനുമതി ലഭിക്കുന്നതോടെ റോഡിലെ കുഴിയടക്കുകയും റബ്ബറൈസ്ഡ് റോഡിന്റെ പ്രവർത്തനം ആരംഭിക്കുകയും ചെയ്യും. മതിയായ വീതിയുള്ള റോഡിലെ കൈയേറ്റങ്ങൾ റവന്യൂ വകുപ്പിന്റെ സഹകരണത്തിൽ ഒഴിപ്പിച്ചാകും നിർമ്മാണ പ്രവർത്തനം.

​-പൊതുമരാമത്ത് വകുപ്പ്, അഗളി