ഒറ്റപ്പാലം: അഗ്‌നി രക്ഷായൂണിറ്റ് പദ്ധതി സർക്കാരിന്റെ ചുവപ്പ് നാടയിൽ കുരുങ്ങിക്കിടക്കാൻ തുടങ്ങിയിട്ട് വർഷം ഒമ്പതായി. പദ്ധതിക്കാവശ്യമായ സ്ഥലം ലഭിക്കാത്തതാണ് പദ്ധതി നീണ്ടുപോകാൻ കാരണം. ഷൊർണൂർ യൂണിറ്റിന്റെ അധിക ജോലിഭാരം കുറക്കുന്നതിന് വേണ്ടിയാണ് ഒറ്റപ്പാലം താലൂക്ക് ആസ്ഥാനത്ത് പുതിയ അഗ്‌നിരക്ഷാ കേന്ദ്രം തുടങ്ങാൻ തീരുമാനിച്ചിരുന്നത്.
ഒറ്റപ്പാലം, ചെർപ്പുളശ്ശേരി, ഷൊർണ്ണൂർ, പട്ടാമ്പി നഗരസഭകളും 28 പഞ്ചായത്തുകൾക്കുമായി ആകെയുള്ളത് ഷൊർണൂരിലെ അഗ്നിരക്ഷാ നിലയമാണ്. സ്ഥല പരിമിധികളും ജീവനക്കാരുടെ കുറവും കാരണം എല്ലായിടത്തും ഓടിയെത്താൻ പലപ്പോഴും ഇവർക്ക് കഴിയാത്ത അവസ്ഥയുണ്ട്. ഇതേ തുടർന്നാണ് പട്ടാമ്പിയിലും ഒറ്റപ്പാലത്തും ഒരു അഗ്നിരക്ഷാ നിലയം സ്ഥാപിക്കാൻ പദ്ധതി തയ്യാറാക്കിയത്.
അതിനായി ആദ്യം പാലക്കാട് - കുളപ്പുള്ളി പാതിയിലുള്ള കിൻഫ്ര വ്യവസായ പാർക്കിൽ അഗ്‌നിരക്ഷാ വിഭാഗം സ്ഥലം കണ്ടെത്തുകയും അപേക്ഷ നൽകുകയും ചെയ്തിരുന്നു. എന്നാൽ, ഭൗതിക സൗകര്യങ്ങളുടെ കുറവ് മൂലം അത് നടപ്പായില്ല. പിന്നീട് പി.ഉണ്ണി എം.എൽ.എയുടെ നേതൃത്വത്തിൽ മീറ്റ്‌നയിലുള്ള വനിത വ്യവസായ കേന്ദ്രവും യൂണിറ്റിനായി പരിഗണിച്ചു. സ്ഥലം ഫയർ സ്റ്റേഷന് അനുയോജ്യമാണെങ്കിലും അപ്രോച്ച് റോഡിന് വീതികുറവുള്ളതായിരുന്നു മീറ്റ്‌നയിലെ പ്രശ്‌നം. സ്ഥലമേറ്റെടുത്ത് ഇത് പരിഹരിക്കാൻ ശ്രമം നടന്നെങ്കിലും ഇപ്പോഴും നടപ്പായിട്ടില്ല. പട്ടാമ്പിയിൽ അഗ്‌നിരക്ഷാ സേനക്കായി വ്യവസായ വകുപ്പിന്റെ സ്ഥലം ഒരുങ്ങിയപ്പോഴും ഒറ്റപ്പാലത്ത് സ്ഥലത്തിന്റെ കാര്യത്തിൽ ഇപ്പോഴും തീരുമാനത്തിലെത്താനായിട്ടില്ല. അപേക്ഷ നൽകിയിട്ടുണ്ടെന്നും പദ്ധതിയുടൻ നടപ്പാവുമെന്നാണ് പ്രതീക്ഷയെന്നുമാണ് അഗ്‌നിരക്ഷാ സേന അധികൃതർ പറയുന്നത്.