tree
ആൽമരം

അകത്തേത്തറ: ശാസ്താനഗർ ജംഗ്ഷനിൽ അരനൂറ്റാണ്ടിലധികമായി ജനങ്ങൾക്ക് തണൽനൽകുന്ന ആൽമരം മുറിച്ചുമാറ്റാനായി അകത്തേത്തറ പഞ്ചായത്ത്. വൈദ്യുത ലൈനിനും പൊതുജനത്തിനും ആൽമരത്തിന്റെ കൊമ്പുകൾ ഭീഷണിയാണെന്നും ഏതു സമയത്തും പൊട്ടിവീഴാൻ സാധ്യതയുണ്ടെന്നുമുള്ള വാദമുയർത്തിയാണ് മരം മുറിക്കാനൊരുങ്ങുന്നത്. മരം മുറിച്ചു മാറ്റണമെന്ന് വനം വകുപ്പിനോടാവശ്യപ്പെട്ടിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് വൈദ്യുത വകുപ്പിനു നല്കിയ കത്തിൽ പറയുന്നു.

ജീവനും സ്വത്തിനും മരം ഭീഷണിയുയർത്തുന്നുണ്ടെങ്കിൽ അതു സംബന്ധിച്ച് പരിശോധന നടത്തേണ്ടത് സാമൂഹ്യ വനവത്കരണ വിഭാഗമാണ്. പരിശോധനയിൽ പരാതി പഞ്ഞ കാര്യങ്ങളിൽ കഴമ്പുണ്ടെങ്കിൽ മരത്തിന്റെ ഏതു കൊമ്പാണ് മുറിച്ചു മാറ്റേണ്ടതെന്ന വനം വകുപ്പിന് റിപ്പോർട്ട് 'ട്രീ കമ്മറ്റി ' യിൽ വച്ച് അനുമതി വാങ്ങണമെന്നാണ് വ്യവസ്ഥ. മരം മുറിച്ചു മാറ്റാൻ പഞ്ചായത്തിന് യാതൊരു അധികാരവുമില്ല. പക്ഷേ ചിലരുടെ സ്ഥാപിത താത്പര്യം മുൻനിർത്തിയാണ് മരം മുറിക്കാനൊരുങ്ങുന്നതെന്ന ആക്ഷേപം ഇപ്പോൾ തന്നെ ശക്തമാണ്. ഈ വിഷയത്തിൽ ജില്ല കളക്ടർ, വനം വകുപ്പ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവർ അടിയന്തരമായി ഇടപ്പെട്ട് പഞ്ചായത്തിന്റെ നീക്കത്തെ വിലക്കണമെന്ന് പരിസ്ഥിതി ഐക്യവേദി ജില്ലാ ചെയർമാൻ ബോബൻ മാട്ടുമന്ത ആവശ്യപ്പെട്ടു.

ഹരിത കേരളം പദ്ധതിയിലുൾപ്പെടുത്തി വനവത്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചതിന് 2010ൽ വനം വകുപ്പിന്റെ ' വൃക്ഷമിത്ര 'പുരസ്‌കാരത്തിന് അർഹരായ പഞ്ചായത്താണ് ഇന്ന് മരം മുറിക്കാൻ അനുമതി തേടുന്നത്.