പട്ടാമ്പി: ഓങ്ങല്ലൂരിൽ ആക്രി സാധനങ്ങൾ കത്തിയത് പരിഭ്രാന്തി പരത്തി. ഇന്നലെ ഉച്ചയോടെ ഫ്രിഡ്ജ്, ഇരുമ്പ്, വാഹനങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ പൊളിച്ച് സൂക്ഷിക്കുന്ന സ്ഥലത്താണ് സംഭവം. ഗ്യാസ് കട്ടറോ മറ്റോ ഉപയോഗിച്ചതിൽ നിന്ന് തീ പടർന്നതാവാമെന്ന് കരുതുന്നു. കൊണ്ടൂർക്കര സ്വദേശികളായ ഉമ്മർ, ബാബു എന്നിവരുടെ ഉടമസ്ഥതയിലുള്ള കടയാണ് കത്തി നശിച്ചത്.
പഴയ സാധാനങ്ങളായതിനാലും പെട്രോളിയത്തിന്റെയും ഗ്യാസിന്റെയും അംശം ഉണ്ടായിരുന്നതിനാലും തീ വളരെ വേഗം കത്തിപ്പടർന്നു. സമീപത്ത് നിരവധി വ്യാപാര സ്ഥാപനങ്ങൾ ഉണ്ടായിരുന്നെങ്കിലും അവയിലേക്ക് തീ പടരാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി. ഷൊർണൂർ, വടക്കാഞ്ചേരി, കുന്നംകുളം എന്നിവിടങ്ങളിൽ നിന്നായി മൂന്ന് യൂണിറ്റ് ഫയർ ഫോഴ്‌സ് എത്തി ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ തീയണച്ചു. സമീപത്തെ മരങ്ങൾ കത്തി നശിച്ചു. വിവരമറിയിച്ചതിനെ തുടർന്ന് പട്ടാമ്പി പൊലീസ്, സ്പെഷ്യൽ ബ്രാഞ്ച്, പഞ്ചായത്ത്, ആരോഗ്യ വകുപ്പ് ജീവനക്കാർ സ്ഥലത്തെത്തി.