police
പ്രവർത്തനം പൂർത്തിയായ മീനാക്ഷിപുരം പൊലീസ് സ്റ്റേഷൻ.

പാലക്കാട്: മീനാക്ഷിപുരം പൊലീസ് സ്റ്റേഷന്റെ നിർമ്മാണ പ്രവർത്തനങ്ങളെല്ലാം പൂർത്തിയായിട്ടും ഉദ്ഘാടനം വൈകുന്നു. ഇതുമൂലം സ്റ്റേഷന്റെ പ്രവർത്തനം ഇപ്പോഴും മൂലത്തറ ക്ഷീരസഹകരണ സംഘത്തിന്റെ വാടക കെട്ടിടത്തിൽ തന്നെയാണ്. രണ്ടുമാസം മുമ്പാണ് പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയായത്. എന്നാൽ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ പെരുമാറ്റച്ചട്ടം നിലവിൽവന്നതാണ് ഉദ്ഘാടനം വൈകുന്നതിന് കാരണമെന്ന് ജില്ലാ പൊലീസ് മേധാവി പി.എസ്.സാബു പറഞ്ഞു.

വൈദ്യുതി ഉൾപ്പെടെയുള്ള എല്ലാ സൗകര്യങ്ങളെല്ലാം ലഭ്യമായിട്ടും കെട്ടിടം പൂട്ടി കിടക്കുന്നതിനാൽ വർഷങ്ങളായി വാടക കെട്ടിടത്തിൽ ഏറെ സ്ഥല പരിമിതികളോടെയാണ് ഉദ്യോഗസ്ഥർ കഴിയുന്നത്. ജീവനക്കാർക്ക് വിശ്രമിക്കാനും മറ്റുമുള്ള സൗകര്യം ഇവിടെ കുറവായതിനാൽ രാത്രി ജോലി ചെയ്യുന്നവർ ഏറെ ബുദ്ധിമുട്ടുന്ന സ്ഥിതിയാണ്. പുതിയ കെട്ടിടത്തിലേക്ക് മാറ്റിയാൽ മാത്രമേ ഇതിന് പരിഹാരമാകൂ. എം.എൽ.എ ഫണ്ടുപയോഗിച്ചാണ് നിർമ്മാണം നടന്നത്. ഈ മാസം 27ന് ഉദ്ഘാടനം നടക്കുമെന്നാണ് ലഭിക്കുന്ന സൂചന.