ചെർപ്പുളശേരി: ഗതാഗത പരിഷ്കാരങ്ങൾ ഫലം കാണാത്തത് നഗരത്തെ വീർപ്പുമുട്ടിക്കുന്നു. ഓരോ പ്രാവശ്യവും ട്രാഫിക് കമ്മിറ്റി യോഗം ചേർന്ന് തീരുമാനമെടുക്കുമെങ്കിലും ഇതൊന്നും കൃത്യമായി നടപ്പാക്കാൻ കഴിയാത്തതാണ് പാളിച്ചകൾക്ക് പ്രധാന കാരണം.
ബസ് സ്റ്റാന്റ് പരിസരം, ഹൈസ്കൂൾ, ഗവ.ആശുപത്രി, ഒറ്റപ്പാലം റോഡ് ജംഗ്ഷൻ എന്നിവിടങ്ങളിലെല്ലാം ഗതാഗതക്കുരുക്ക് പതിവാണ്. അടുത്തിടെ ഡിവൈഡറുകൾ സ്ഥാപിച്ചത് മാത്രമാണ് നഗരത്തിൽ എടുത്തു പറയാവുന്ന ഏക ഗതാഗത പരിഷ്കാരം.
നഗരത്തിലെ സീബ്രാ ക്രോസിംഗ് പലയിടത്തും മാഞ്ഞത് കാരണം റോഡ് മുറിച്ചുകടക്കാൻ വലിയ ബുദ്ധിമുട്ടാണ് യാത്രക്കാർക്ക്. സിഗ്നൽ സംവിധാനങ്ങളൊന്നും നഗരത്തിൽ എവിടെയുമില്ല. അനധികൃത പാർക്കിംഗാണ് മറ്റൊരു പ്രശ്നം. പലയിടത്തും 'നോ' പാർക്കിംഗ് ബോർഡുകൾ കാണാമെങ്കിലും അവ നോക്കുകുത്തിയാണെന്നതാണ് യാഥാർത്ഥ്യം.
സ്‌കൂൾ സീസണും മഴക്കാലവും വരാനിരിക്കെ ഇക്കാര്യത്തിൽ അടിയന്തിര ഇടപെടൽ ഉണ്ടായില്ലെങ്കിൽ നഗരം ഗതാഗതക്കുരുക്കിലമരും. കഴിഞ്ഞ വർഷങ്ങളിലെല്ലാം പൊലീസിനെ നിയോഗിച്ചാണ് സ്‌കൂൾ സമയങ്ങളിലും മറ്റും തിരക്ക് നിയന്ത്രിച്ചത്. അതേ സമയം പ്രശ്നങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി ട്രാഫിക് കമ്മിറ്റി യോഗം വിളിക്കുമെന്നും നഗരസഭാദ്ധ്യക്ഷ ശ്രീലജ വാഴക്കുന്നത്ത് അറിയിച്ചു.