മണ്ണാർക്കാട്: സഹോദരിയുടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ പ്രത്യേ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. അട്ടപ്പാടി ഷോളയൂർ കോട്ടത്തറ ഷവലയർ കോളനിയിലെ കറുപ്പസ്വാമിക്കാണ് സ്‌പെഷ്യൽ കോടതി ജഡ്ജി അനിൽ കെ.ഭാസ്‌കരൻ ജീവപര്യന്തം തടവും 1000 രൂപ പിഴയും വിധിച്ചത്. കറുപ്പസ്വാമിയുടെ സഹോദരി സരസയെ പ്രേമിച്ച് വിവാഹം കഴിച്ചതിലെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കേസ്. 17 സാക്ഷികളെ പ്രോസിക്യൂഷൻ വിചാരണ ചെയ്തു. അഗളി സി.ഐ ആയിരുന്ന പി.ബി.പ്രസന്നൻ, ടി.കെ.സുബ്രഹ്മണ്യൻ എന്നവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജയശങ്കർ ഹാജരായി.