അലനല്ലൂർ: മത്സ്യം കയറ്റിപോകുന്ന ഗൂഡ്‌സുകളിൽ നിന്ന് മലിനജലം നടുറോഡിലേക്ക് ഒഴുക്കിവിടുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. അലനല്ലൂർ, എടത്തനാട്ടുകര, കർക്കിടാംകുന്ന് വെട്ടത്തൂർ മെയിൻ റോഡിലും പോക്കറ്റ് റോഡുകളിലും ഇത് പതിവ് കാഴ്ചയാണ്.

രാവിലെ കച്ചവടം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയിലാണ് ഇരുചക്രവാഹനങ്ങളിലെയും ഗൂഡ്സുകളിലെയും കച്ചവടക്കാർ മലിനജനം റോഡിലേക്ക് തുറന്ന് വിടുന്നത്. ഇത് ഗൂഡ്സിന് പിന്നാലെ വരുന്ന വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. ചില കച്ചവടക്കാർ പകൽസമയത്ത് ഒഴിഞ്ഞ സ്ഥലങ്ങളിൽ മലിനജലം മുഴുവനും ഒഴുക്കിക്കളയും. ഇത് പരിസരവാസികൾക്ക് വലിയബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പലതവണ ബന്ധപ്പെട്ട അധികൃതരോട് പരാതി പറഞ്ഞിട്ടും നടപടിയെടുക്കുന്നില്ലെന്നാണ് അലനല്ലൂർ, എടത്തുനാട്ടുകര പ്രദേശവാസികൾ ആരോപിക്കുന്നത്.

മത്സ്യം കേടുവരാതിരിക്കാൻ ഉപയോഗിക്കുന്ന രാസപഥാർത്ഥങ്ങളും മത്സ്യത്തിന്റെ അവശിഷ്ടങ്ങളും ഐസും കലർന്ന മലിനജലമാണ് റോഡിലേക്കും പൊതുസ്ഥലങ്ങളിലേക്കും ഒഴുക്കിവിടുന്നത്. മഴക്കാലത്ത് ഇത് ജലസ്രോതസുകളിൽ കലരാനുള്ള സാദ്ധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ പ്രദേശവാസികൾ പകർച്ചവ്യാതികൾ പിടിപെടുമോ എന്ന ആശങ്കയിലാണ് കഴിയുന്നത്. ബന്ധപ്പെട്ട അധികൃതർ ഇതിനെതിരെ അടിയന്തരമായി നടപടി എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.