ചെർപ്പുളശ്ശേരി: തൂതപൂരത്തിന് എ വിഭാഗത്തിൽ നിന്നും ലക്കിടി ഇന്ദിര എന്ന പിടിയാനയെ കൃത്രിമ ഫൈബർ കൊമ്പ് ഘടിപ്പിച്ച് എഴുന്നെള്ളിപ്പിച്ച സംഭവത്തിൽ കാറൽമണ്ണ അമ്പലവട്ടം കമ്മിറ്റിക്ക് അടുത്തവർഷം പൂരത്തിന് കൂട്ടിയെഴുന്നെള്ളിപ്പിൽ വിലക്കേർപ്പെടുത്താൻ തീരുമാനം. സംഭവം വലിയ വിവാദമായതോടെ അടിയന്തര ഉത്സവാഘോഷകമ്മറ്റി ചേർന്നാണ് തീരുമാനമെടുത്തത്.
യോഗത്തിൽ ഇതുസംബന്ധിച്ച ഗൗരവമായ ചർച്ചയാണ് നടന്നത്. ക്ഷേത്രത്തിന്റെ ചരിത്രത്തിൽ ഇതുവരെ ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നും പിടിയാനയെ എഴുന്നെള്ളിച്ചത് അപകീർത്തിയുണ്ടാക്കിയെന്നും അഭിപ്രായമുയർന്നു. ആചാരപരമായി ഇതിൽ തെറ്റില്ലെങ്കിലും വർഷങ്ങളായി തുടരുന്ന കീഴ്വഴക്കം മാറ്റാനാവില്ലെന്ന് കമ്മിറ്റിയിൽ പൊതുവികാരമുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിൽ അമ്പലവട്ടം കമ്മിറ്റിക്ക് അടുത്ത ഒരു വർഷം കൂട്ടിഎഴുന്നെള്ളിപ്പിൽ വിലക്കേർപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.
പൂരം ദിവസം രാവിലെ നടക്കുന്ന എഴുന്നെള്ളിപ്പിൽ മാത്രമാകും ഇവർക്ക് പങ്കെടുക്കാൻ അവസരമെന്നും തന്ത്രിയുമായും മറ്റ് മുതിർന്നവരുമായും ആലോചിച്ച് തീരുമാനം നടപ്പാക്കുമെന്നും ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ വി.സന്തോഷ് പറഞ്ഞു. സംഭവം ഭക്തജനങ്ങൾക്കും നാട്ടുകാർക്കും വേദനയുണ്ടാക്കിയെന്നും പിടിയാനയെ എഴുന്നെള്ളിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മുൻകൂട്ടി വിവരം ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം, പൊതുവികാരം മാനിച്ച് ഇപ്പോഴത്തെ തീരുമാനം അംഗീകരിക്കുകയാണുണ്ടായതെന്ന് പിടിയാനയെ എഴുന്നെള്ളിച്ച കാറൽമണ്ണ എ വിഭാഗം പൂരാഘോഷ കമ്മിറ്റി സെക്രട്ടറി കെ.രാജു പറഞ്ഞു. അന്തിമ തീരുമാനമായി ഇതിനെ കാണുന്നില്ലെന്നും അടുത്ത പൂരത്തിനു മുമ്പ് മറ്റ് കമ്മിറ്റികളുമായി ചർച്ച ചെയ്ത് സമവായമുണ്ടാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു.