മുതലമട: പലകപ്പാണ്ടി കനാലിലെ മണ്ണ് നീക്കാത്തതിൽ പ്രതിഷേധിച്ച് സംഘടനകൾ സമരത്തിലേക്ക്. രണ്ടുവർഷം മുൻപുള്ള മഴയിൽ കനാലിൽ അടിഞ്ഞുകൂടിയ മണ്ണും മണലും നീക്കം ചെയ്യാൻ കഴിഞ്ഞവർഷം ടെൻഡർ ക്ഷണിച്ചതനുസരിച്ച് പെരുവെമ്പ് സ്വദേശി കരാറെടുത്തെങ്കിലും മാനദണ്ഡം പാലിക്കാത്തതിനാൽ അത് റദ്ദാക്കുകയായിരുന്നു.

ഇതിനിടെ, പ്രളയത്തിലടിഞ്ഞ മണൽ കൂടിയായതോടെ കനാലിലൂടെ വെള്ളം ഓഴുകാത്ത അവസ്ഥയിലായി. മഴക്കാലം അടുത്തിട്ടും കനാലിൽ നിന്ന് മണ്ണും മണലും നീക്കാൻ അധികൃതർ തയ്യാറാവാത്തതിനാൽ മീങ്കര - ചുള്ളിയാർ ജലസംരക്ഷണസമിതി ജലവിഭവവകുപ്പ് ചിറ്റൂർ എക്‌സി. എൻജിനീയർ ഓഫീസിൽ സമരം നടത്താൻ തീരുമാനിച്ചു.

യോഗത്തിൽ ചെയർമാൻ എ.എൻ.അനുരാഗ് അദ്ധ്യക്ഷത വഹിച്ചു. സജേഷ് ചന്ദ്രൻ, പി.സതീഷ്, വി.വിജയരാഘവൻ, എ.സാദിഖ്, എ.അപ്പുണ്ണി തുടങ്ങിയവർ സംസാരിച്ചു.


നടപടിയില്ലെങ്കിൽ സമരം:
കാലവർഷം അടുത്തിരിക്കെ പലകപ്പാണ്ടി കനാലിലെ മണ്ണും മണലും അടിയന്തരമായി നീക്കം ചെയ്യണമെന്ന് കിസാൻ കോൺഗ്രസ് നെന്മാറ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കനാൽ സന്ദർശനം നടത്തി മാസങ്ങൾ കഴിഞ്ഞിട്ടും മണ്ണ് നീക്കാമെന്ന ജലവിഭവവകുപ്പ് മന്ത്രിയുടെ ഉറപ്പ് പാലിക്കപ്പെട്ടില്ല. അടുത്ത ദിവസങ്ങളിൽ മണ്ണെടുക്കൽ നടന്നില്ലെങ്കിൽ സമരരംഗത്തിറങ്ങാനും യോഗം തീരുമാനിച്ചു.

ജില്ലാപ്രസിഡന്റ് ബി. ഇക്ബാൽ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് കെ. ശിവദാസൻ അധ്യക്ഷനായി. യു.ശാന്തകുമാർ, വി.രാജപ്പൻ, പി.ലക്ഷ്മണൻ, എം.അനിൽ ബാബു, എൻ.കെ.കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.