ചിറ്റൂർ: കേരള സംഗീത നാടക അക്കാഡമിയുടെ നേതൃത്വത്തിൽ നടത്തുന്ന നാട്ടരങ്ങ് ഗ്രാമീണ കലോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ചിറ്റൂർ പെരുവെമ്പിൽ മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവഹിച്ചു. കെ.ബാബു എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തും ബോധി പബ്ലിക് ലൈബ്രറിയും ചേർന്ന് സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തിൽ പെരുവെമ്പ്‌ ജി.ജെ.ബി സ്‌കൂൾ ഗ്രൗണ്ടിൽ മൂന്നുദിവസങ്ങളിലായി നടക്കുന്ന വിവിധ കല പരിപാടികൾ ഇന്ന് സമാപിക്കും.
കഴിഞ്ഞ ദിവസങ്ങളിൽ പഞ്ചവാദ്യം വയനാട് കരിന്തണ്ടൻ നാട്ടുകലാ സംഘം അവതരിപ്പിച്ച ഗോത്രകലകൾ പാട്ടുപിരൈ, കലാമണ്ഡലം അച്ചുതാനന്ദനും സംഘവും അവതരിപ്പിച്ച മിഴാവിൽ പഞ്ചാരിമേളം, സംഗീത അക്കാഡമിയുടെ നാടകഗാനങ്ങൾ പാട്ടോർമ്മ എന്നിവ നടന്നു. ഇന്ന് വൈകീട്ട് 5.30ന് വയലി ആറങ്ങോട്ടുകരയുടെ മുളവാദ്യസംഗീതാവിഷ്‌ക്കാരവും കെ.പി.എ.സി.യുടെ 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി ' എന്ന നാടകവും അരങ്ങേറും.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ശാന്തകുമാരി, അക്കാഡമി സെക്രട്ടറി എൻ.രാധാകൃഷ്ണൻ നായർ, കൂടിയാട്ടം കലാകാരൻ ശിവൻ നമ്പൂതിരി, സി.ശശികല, കെ.ശിവരാമൻ, വി.ബാബു, സി.കൃഷ്ണൻകുട്ടി, കെ.മോഹനൻ, മുരുകദാസ്, എസ്.പ്രദോഷം തുടങ്ങിയവർ സംസാരിച്ചു.


ഫോട്ടോ... കേരള സംഗീത നാടക അക്കാഡമിയുടെ നേതൃത്വത്തിൽ പെരുവെമ്പിൽ നടന്ന നാട്ടരങ്ങ് പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവഹിക്കുന്നു