വടക്കഞ്ചേരി: കാലവർഷം പടിവാതിക്കലെത്തി നിൽക്കേ കുതിരാനിലെ മണ്ണിടിച്ചിലിന് പരിഹാരം കാണാനാകാതെ അധികൃതർ. കഴിഞ്ഞ ആഗസ്റ്റിൽ തുടർച്ചയായി പെയ്ത മഴയിൽ കുതിരാനിൽ ആറിടങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്. സംഭവം നടന്ന് എട്ടുമാസം പിന്നിട്ടിട്ടും ഇപ്പോഴും ഇവിടെ യാതൊരു സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടില്ല. ഇടിഞ്ഞ ഭാഗങ്ങൾ ഇപ്പോഴും അതേപടി തന്നെ നിൽക്കുകയാണ്.

കാലവർഷം കനത്താൽ ഇവിടങ്ങളിൽ വീണ്ടും മണ്ണിടിച്ചലുണ്ടാകും. ഇടിഞ്ഞുവീണ മണ്ണ് പോലും വഴിയിൽ നിന്ന് പൂർണമായി നീക്കിയിട്ടില്ല. കഴിഞ്ഞമാസം വേനൽമഴ പെയ്തപ്പോൾ റോഡരികിൽ കെട്ടിക്കിടന്നിരുന്ന ചെളിയും മണ്ണും ഒഴുകിയെത്തിയത് ഗതാഗതത്തിന് തടസം സൃഷ്ടിച്ചിരുന്നു. രണ്ടിടങ്ങളിൽ അമ്പത് മീറ്ററോളം ഉയരത്തിൽ മണ്ണും കല്ലും ഏത് നിമിഷവും റോഡിലേക്ക് വീഴാവുന്ന വിധത്തിൽ തള്ളിയാണ് നിൽക്കുന്നത്. ഒരു ഭാഗത്ത് റോഡിന്റെ ഭാഗമുൾപ്പെടെ അമ്പത് മീറ്ററോളം താഴേക്ക് ഇടിഞ്ഞ നിലയിലാണ്. ഇവിടെ വീണ്ടും മണ്ണിടിഞ്ഞാൽ റോഡ് തന്നെ ഇല്ലാതാകുമെന്ന ആശങ്കയുണ്ട്.

ഒരു ദിവസം ഇരുപതിനായിരത്തിലധികം വാഹനങ്ങളാണ് കുതിരാൻ വഴി കടന്നുപോകുന്നത്. തമിഴ്‌നാട്ടിൽ നിന്ന് വാളയാർവഴി തെക്കൻ കേരളത്തിലേക്ക് ചരക്ക് നീക്കം നടക്കുന്നതും ഇതുവഴിയാണ്. മണ്ണിടിച്ചിലുണ്ടായാൽ കുതിരാൻ വഴിയുള്ള ഗതാഗതം പൂർണമായും സ്തംഭിക്കും.

വടക്കഞ്ചേരി - മണ്ണുത്തി ആറുവരിപ്പാതാ നിർമ്മാണം കരാറെടുത്തിട്ടുള്ള കെ.എം.സിക്കാണ് സുരക്ഷാ ക്രമീകരണങ്ങളൊരുക്കേണ്ട ചുമതലയെങ്കിലും ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. കരാർ കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ആറുവരിപ്പാതാ നിർമ്മാണവും പൂർണമായി സ്തംഭിച്ചിരിക്കുകയാണ്. ദേശീയപാതാ അതോറിട്ടിയുടെ ഭാഗത്ത് നിന്നും കാര്യക്ഷമമായ ഇടപെടലുകളുണ്ടായിട്ടില്ല.

സുരക്ഷയൊരുക്കാതെ അധികൃതർ

കുതിരാൻ തുരങ്കം തുറന്നാൽ ഇപ്പോഴുള്ള റോഡിലൂടെ ഗതാഗതം നിലയ്ക്കുമെന്നതാനിൽ സുരക്ഷാക്രമീകരണങ്ങളൊരുക്കാൻ മടിക്കുകയാണ് ദേശീയപാതാ അതോറിട്ടി. അതേസമയം, തുരങ്കത്തിലെ ജോലികൾ ഇനിയും പൂർത്തിയാകാനുള്ളതിനാൽ മഴക്കാലത്തിന് മുമ്പ് തുരങ്കം തുറക്കാനാകില്ല. മുടങ്ങിക്കിടക്കുന്ന ജോലികൾ എന്ന് പുനരാരംഭിക്കുമെന്നതിനെക്കുറിച്ചും അറിവില്ല. ഈ സാഹചര്യത്തിൽ നിലവിലുള്ള റോഡിൽ മണ്ണിടിഞ്ഞ ഭാഗത്ത് സുരക്ഷാ ക്രമീകരണങ്ങളൊരുക്കണമെന്നാണ് ആവശ്യം ശക്തമായിരിക്കുകയാണ്.