കൊല്ലങ്കോട്: മീങ്കര - ചുള്ളിയാർ ഡാമുകളിൽ അടിഞ്ഞുകൂടിയ മണ്ണും മണലും ചെളിയും നീക്കം ചെയ്യാത്തത് ജലസംഭരണത്തെ ബാധിക്കുന്നു. 157.5 അടി ജലസംഭരണ ശേഷിയുള്ള ചുള്ളിയാറിന്റെയും 39 അടി ശേഷിയുള്ള മീങ്കര ഡാമിന്റെയും നാലടിയോളം മണ്ണും ചെളിയും നിറഞ്ഞത് തൂർന്നിരിക്കുകയാണ്. ഇതിനാൽ ഡാമുകളിൽ നിലവിൽ രേഖപ്പെടുന്ന ജലത്തിന്റെ അളവിനേക്കാൾ കുറവ് വെള്ളം മാത്രമേ ഉള്ളു എന്നതാണ് വസ്തുത.

കഴിഞ്ഞ ആഗസ്റ്റിലെ പ്രളയകാലത്ത് ഡാമിലേക്ക് ഒഴുകിയെത്തിയ വെള്ളത്തോടൊപ്പം മണ്ണും മണലും അടിഞ്ഞുകൂടിയിരുന്നു എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. പക്ഷേ, എട്ടുമാസം പിന്നിട്ടിട്ടും അത് നീക്കം ചെയ്യാനുള്ള നടപടി ബന്ധപ്പെട്ട അധികൃതരുടെ ഭഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം.

ഡാമുകളിലെ സംഭരണശേഷി കുറഞ്ഞത് കുടിവെള്ള - കാർഷികാവശ്യങ്ങൾക്കായുള്ള ജലവിതരണത്തെ സാരമായി ബാധിച്ചതോടെയാണ് മണ്ണ് നീക്കം ചെയ്യാൻ അധികൃതർ തീരുമാനിച്ചത്. ഇത് ഡാമിന്റെ ആഴം കൂട്ടുന്നതോടൊപ്പം ശേഖരിക്കുന്ന മണ്ണ് വില്ക്കുന്നത് വഴി സർക്കാരിന് വലിയ സാമ്പത്തിക ലാഭവും ഉണ്ടാകുമെന്നും കരുതിയെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല.

മീങ്കര - ചുള്ളിയാർ ഡാമുകളെ ആശ്രയിച്ചാണ് കിഴക്കൻ മേഖലയിൽ ഉൾപ്പെട്ട കൊല്ലങ്കോട്, മുതലമട, പല്ലശ്ശന, വടവന്നൂർ, എലവഞ്ചേരി പഞ്ചായത്തുകളിലെ കർഷകർ കൃഷിയിറക്കുന്നത്. ഒന്നാംവിളയ്ക്ക് സമയമാകുമ്പോൾ ഉള്ള ഈ പ്രതിസന്ധി ഉടൻ പരിഹരിക്കണമെന്നാണ് കർഷകരുടേയും മീങ്കര - ചുള്ളിയാർ ജലസംരക്ഷണ സമിതിയുടെയും ആവശ്യം.