പാലക്കാട്: പാലക്കാട്, വാളയാർ, കൊഴിഞ്ഞാമ്പാറ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ആഢംഭര കാറിൽ സഞ്ചരിച്ച് കഞ്ചാവു വിൽപ്പന നടത്തിവന്നയാളെ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ടൗൺ, കൊഴിഞ്ഞാമ്പാറ പൊലീസും ചേർന്ന് പിടികൂടി. ജില്ലാ പൊലീസ് മേധാവി പി.എസ്.സാബുവിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പാലക്കാട് ഡിവൈ.എസ്.പി ജി.ഡി.വിജയകുമാർ, നർകോട്ടിക് സെൽ ഡിവൈ.എസ്.പി ബാബു.കെ തോമസ് എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ട് കൊഴിഞ്ഞാമ്പാറയിൽ നടത്തിയ വാഹന പരിശോധനയിലാണ്
മലപ്പുറം, പെരിന്തൽമണ്ണ, കൊളത്തൂർ സ്വദേശി അബ്ദുൾ കരീം,(45)പൊലിസ് പിടിയിലായത്.
കാറിനകത്ത് സൂക്ഷിച്ചിരുന്ന ഒരു കിലോയിലധികം തൂക്കം വരുന്ന കഞ്ചാവ് പൊതികൾ പൊലീസ് കണ്ടെടുത്തു. പാലക്കാട് ടൗണിന്റെ വിവിധ ഭാഗങ്ങളിലെ ചായക്കടകൾ, കൂൾ ബാറുകൾ, കഞ്ചിക്കോട് വ്യാവസായിക മേഖല, കൊഴിഞ്ഞാമ്പാറ എന്നിവ കേന്ദ്രീകരിച്ചാണ് കച്ചവടം നടത്തി വരുന്നത്. പിടിച്ചെടുത്ത കഞ്ചാവിന് അര ലക്ഷത്തോളം രൂപ വില വരും. കോയമ്പത്തൂരിൽ നിന്നും മൊത്തമായി കൊണ്ടുവന്ന് പായ്ക്കറ്റുകളാക്കി വിൽപ്പന നടത്തി വരുകയായിരുന്നു.
അനധികൃതമായി വിദേശമദ്യം വിൽപ്പന നടത്തിയതിന് പാലക്കാട് ടൗൺ നോർത്ത് പൊലീസ് സ്റ്റേഷനിൽ രണ്ട് കേസുകളും, കോടതി വളപ്പിൽ ജയിൽ തടവുകാർക്ക് കഞ്ചാവ് നൽകിയതുമായി ബന്ധപ്പെട്ട് ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിൽ ഒരു കേസും ഇയാൾക്കെതിരെയുണ്ട്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
കൊഴിഞ്ഞാമ്പാറ സബ് ഇൻസ്‌പെക്ടർ പി.യു.സേതുമാധവൻ, എ.എസ്.ഐ രാജേഷ്, സി.പി.ഒമാരായ പ്രതാപൻ, സുരേഷ്, ഷമീർ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ എസ്.ജലീൽ, വി.ജയകുമാർ, ബി.നസീറലി, ആർ.കിഷോർ, കെ. അഹമ്മദ് കബീർ, ആർ.വിനീഷ്, ആർ.രാജീദ്, എസ്.ഷമീർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.