വടക്കഞ്ചേരി: ബി.എസ്.സി ഇലക്ട്രോണിക് ബിരുദധാരിയായ അൻവർ സ്വാദിഖ് എന്ന 28കാരൻ വൈറ്റ്കോളർ ജോലിക്ക് കാത്തുനിൽക്കാതെ കാർഷിക മേഖലയിൽ പുതുവഴികൾ കണ്ടെത്തുകയാണ്. മംഗലംഡാം വീട്ടിക്കൽ കടവ് ചാലിയത്തൊടിയിൽ അബ്ബാസിന്റെയും സുഹറാബിയുടെയും മൂന്ന് ആൺമക്കളിൽ ഇളയവനാണ് അൻവർ സാദിഖ്.
തൃശൂർ ജില്ലയിലെ വരന്തരപ്പള്ളിക്കാരാണ് അൻവറിന്റെ കുടുംബം. ചിമ്മിനി ഡാമിലെ ഇറിഗേഷൻ വകുപ്പ് ജീവനക്കാരനായിരുന്ന പിതാവിന് മംഗലംഡാമിലേക്ക് സ്ഥലംമാറ്റം കിട്ടിയപ്പോഴാണ് ഇവിടെ സ്ഥിരതാമസമാക്കിയത്. ചെറുതിലേ വളർത്തുമൃഗങ്ങളോടൊക്കെ വലിയ ഇഷ്ടമായിരുന്ന അൻവറിന് നാലാം ക്ലാസിൽ പഠിക്കുമ്പോൾ വീട്ടുകാർ ഒരു ആടിനെ വാങ്ങിക്കൊടുത്തു, എട്ടിലെത്തിയപ്പോൾ പശുവിനെയും. പിന്നീട് കോഴി, താറാവ്, കാട എന്നിവയെല്ലാം കൂട്ടായെത്തി. പഠനത്തോടൊപ്പം ഇവയെയും സംരക്ഷിച്ചുപോന്നു ആ കൊച്ചുമിടുക്കൻ.
പഠനം കഴിഞ്ഞ് മൂന്ന് വർഷത്തോളം വിദേശത്ത് ജോലിചെയ്തു. തിരിച്ച് നാട്ടിൽ എത്തിയപ്പോഴാണ് ഫാം തുടങ്ങാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്. പിന്നീട് മംഗലംഡാമിന് സമീപം നാലേക്കർ സ്ഥലത്ത് ഫാം ആരംഭിക്കുകയായിരുന്നു. പശു, എരുമ, ആട്, വിവിധയിനം കോഴികൾ എന്നിവയെല്ലാം ഫാമിലുണ്ട്. കൂടാതെ ഒന്നര ഏക്കറിൽ തീറ്റപ്പുല്ല്, പയർ, പാവൽ എന്നിവയും നട്ടിട്ടുണ്ട്. ഫാമിലെ പാലിന് ആവശ്യക്കാരേറെയാണ്. അത്യാവശ്യം അയൽവാസികൾക്ക് കൊടുത്തു കഴിഞ്ഞാൽ ബാക്കിയുള്ളവ മംഗലംഡാം ക്ഷീരോല്പാതക സഹകരണ സംഘത്തിലാണ് കൊടുക്കുന്നത്.
രക്ഷിതാക്കൾക്ക് പുറമെ ജാർഖണ്ഡുകാരായ ദമ്പതികളും സഹായത്തിനുണ്ട്. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ഈ മേഖലയിലേക്ക് യുവതലമുറയെ ആകർഷിപ്പിച്ചാൽ, കാർഷിക മേഖലയിൽ ഇന്ന് അനുഭവിക്കുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരമാകുമെന്ന് അൻവറിന് പറഞ്ഞു.