agali
അഗളി ശിരുവാണി പുഴപാലത്തിലെ തമിഴ്‌നാട്ടിൽ നിന്നുള്ള വിനോദ സഞ്ചാരികളുടെ വാഹനങ്ങളുടെ നിര.

അഗളി: ജില്ലയിൽ നെല്ലിയാമ്പതി, പറമ്പിക്കുളം, മലമ്പുഴ, സൈലന്റ് വാലി ഉൾപ്പടെ അറുപതോളം കേന്ദ്രങ്ങൾ ടൂറിസം സാദ്ധ്യതകളെ മികച്ച രീതിയിൽ ഉപയോഗപ്പെടുത്തുമ്പോൾ അട്ടപ്പാടിക്ക് എപ്പോഴും അവഗണനമാത്രം. തമിഴ്നാട്ടിൽ നിന്ന് ഉൾപ്പെടെ പ്രതിദിനം നൂറുകണക്കിന് വിനോദസഞ്ചാരികളാണ് അട്ടപ്പാടി കാണാനെത്തുന്നത്. ഷോളയൂർ പഞ്ചായത്തിലെ മേൽത്തോട്ടം, മറനട്ടി, കൂടപ്പട്ടി, അഗളി, പുതുർ പഞ്ചായത്തുകൾ പങ്കിടുന്ന ചീരക്കടവ്, ചിണ്ടക്കി, കരിവടം തുടങ്ങിയ സ്ഥലങ്ങൾ പ്രകൃതി സൗന്ദര്യം നിറഞ്ഞുനിൽക്കുന്ന പ്രദേശങ്ങളാണ്. ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ നാളിതുവരെ ബന്ധപ്പെട്ട അധികൃതർക്ക് സാധിച്ചിട്ടില്ല. അഗളി, ഷോളയൂർ, പഞ്ചായത്തുകളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വിനോദസഞ്ചാ മേഖലയ്ക്കായി പ്രത്യേക പദ്ധതികളൊന്നും തയ്യാറാക്കിയിട്ടില്ല. വാർഷിക പദ്ധതികളിലെല്ലാം നിർമ്മാണ പ്രവർത്തനങ്ങൾക്കാണ് മുൻതൂക്കം.


അഗളി പഞ്ചായത്തിലൂടെ ഒഴുകുന്ന ശിരുവാണി പുഴയും അഗളി - പുതൂർ പഞ്ചായത്തുകൾ പങ്കിടുന്ന ഭവാനിയും സന്ദർശകർ ഏറെയെത്തുന്ന സ്ഥലങ്ങളാണ്. പഞ്ചായത്തും, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തും ചേർന്ന് അഗളിയിൽ ശിരുവാണി പുഴയോരത്ത് പമ്പ് ഹൗസിന്റ കോമ്പൗണ്ടിൽ കോൺക്രീറ്റ് പടികൾ നിർമ്മിച്ചതുമാത്രമാണ് ഇവിടെ നടന്ന പ്രവർത്തി. ചാവടിയൂരിൽ അഹാഡ്‌സ് നിർമ്മിച്ചിട്ടുള്ള പാലത്തിനു സമീപം വിനോദസഞ്ചാര സാദ്ധ്യതകൾ ചൂണ്ടിക്കാണിച്ച് വിവിധ പദ്ധതികൾ പഞ്ചായത്തുകൾക്ക് നൽകിയെങ്കിലും പരിഗണിച്ചില്ലെന്ന് ബ്ലോക്ക് ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ രാധാകൃഷ്ണൻ കോട്ടമല പറഞ്ഞു.

സൈലന്റ് വാലിയിലെത്തുന്ന സന്ദർശകർക്ക് വനംവകുപ്പ് സൗകര്യങ്ങൾ ഒരുക്കുമ്പോഴാണ് അട്ടപ്പാടിയെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ബോധപൂർവം അവഗണിക്കുന്നത്. മികച്ച റോഡ്, വിശ്രമ മുറിയോ, ശൗചാലയമോ, മറ്റ് സൗകര്യമോ ഇവിടെയില്ലാത്തത് സഞ്ചാരികളെ വലയ്ക്കുന്നുണ്ട്. ടൂറിസത്തിന്റെ സാദ്ധ്യതകൾ മുന്നിൽ കണ്ട് പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കണമെന്നാണ് വിവിധ സംഘടനകളുടെ ആവശ്യം.