ചിറ്റൂർ: നല്ലേപ്പിള്ളി, പെരുമാട്ടി, പട്ടഞ്ചേരി പഞ്ചായത്തുകൾക്കും മലമ്പുഴ മണ്ഡലത്തിലെ എലപ്പുള്ളി പഞ്ചായത്തിനുമായി നടപ്പിലാക്കുന്ന സമഗ്രകുടിവെള്ള പദ്ധതിയുടെ ഒന്നാംഘട്ടം പൂർത്തിയായി. ചിറ്റൂർപ്പുഴ കുന്നങ്കാട്ടുപ്പതി റെഗുലേറ്റർ സ്രോതസായിട്ടുള്ള പദ്ധതിയിൽ നിന്നും 16,5724 പേർക്ക് 70 ലിറ്റർ ശുദ്ധജലം ലഭ്യമാകും.
18 ദശലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ശുദ്ധീകരണശാല, കിണർ, പമ്പ് ഹൗസ് എന്നിവയുടെ പുനരുദ്ധാരണം, റോവാട്ടർ പമ്പിംഗ് മെയിൻ, റോവാട്ടർ പമ്പ് സെറ്റ്, ക്ലിയർ വാട്ടർ പമ്പ് സെറ്റ് എന്നിവ സ്ഥാപിക്കുന്ന പ്രവർത്തികളാണ് ഒന്നാംഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് പൂർത്തിയാകുന്നതോടെ പെരുമാട്ടി, പട്ടഞ്ചേരി പഞ്ചായത്തുകളിൽ ഈമാസം തന്നെ ജലവിതരണം നടത്താനാകുമെന്ന് വാട്ടർ അതോറിട്ടി അധികൃതർ പറഞ്ഞു.
മന്ത്രി കെ.കൃഷ്ണൻകുട്ടി പദ്ധതിപ്രദേശം സന്ദർശിച്ചു. ജില്ലാ പഞ്ചായത്ത് അംഗവും വാട്ടർ അതോറിട്ടി ബോർഡ് അംഗവുമായ അഡ്വ.വി.മുരുകദാസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ജി.മാരിമുത്തു, ജയശ്രീ, പി.ശാരംഗധരൻ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
പദ്ധതിക്ക് കേന്ദ്ര സർക്കാറിന്റെ എസ്.എൽ.എസ്.എസ്.സിയിൽ 3422 ലക്ഷം രൂപയുടെ അനുമതി 2016ൽ ലഭിച്ചിരുന്നു. തുടർന്ന് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചെങ്കിലും പിന്നീട് കേന്ദ്ര സർക്കാർ എൻ.ആർ.ഡി.ഡബ്ല്യുയു.പി.യിൽ നിന്നു ഫണ്ട് നിഷേധിച്ചപ്പോൾ പദ്ധതി നിശ്ചലമാകുകയായിരുന്നു. പിന്നീട് മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ ഇടപെടലിനെ തുടർന്നാണ് സ്റ്റേറ്റ് പ്ലാനിൽ ഉൾപ്പെടുത്തി പദ്ധതി പുനരാരംഭിച്ചത്.
പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനത്തിന് കിഫ്ബി 2017-18യിൽ ഉൾപ്പെടുത്തി 2599 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ഇത് ഉപയോഗപ്പെടുത്തി നാലു പഞ്ചായത്തുകളിലും ഉന്നതതല ജലസംഭരണികൾ നിർമ്മിക്കും. നല്ലേപ്പിള്ളി കണക്കമ്പാറയിൽ 16 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ടാങ്ക്, പെരുമാട്ടി ചാമിയാർ കളത്ത് 17.5 ലക്ഷം ലിറ്റർ, പട്ടഞ്ചേരി കൊച്ചിക്കാട്ട് അഞ്ചു ലക്ഷം ലിറ്റർ, എലപ്പുള്ളി പഞ്ചായത്തിൽ 13 ലക്ഷം ലിറ്റർ ശേഷിയുള്ള സംഭരണികളാണ് നിർമ്മിക്കുക.
കെ.എസ്.ഇ.ബി പ്രത്യേക സംവിധാനം നടപ്പാക്കും
പദ്ധതിക്കുവേണ്ടി എ.ബി.സിയിൽ ഉൾപ്പെടുത്തി കെ.എസ്.ഇ.ബി പ്രത്യേക സംവിധാനം നടപ്പാക്കും. ഇതിനായി പ്രത്യേക ട്രാൻസ്‌ഫോമറും അനുബന്ധ പ്രവർത്തികളും നടത്തും. ഇതിന്റെ ഭാഗമായി വാട്ടർ അതോറിട്ടി രണ്ടുകോടി 25 ലക്ഷംരൂപ വൈദ്യുതി ബോർഡിൽ അടച്ചുകഴിഞ്ഞു. പദ്ധതി യാഥാത്ഥ്യമാകുന്നതോടെ മഴ പെയ്താലും ലൈനുകളിൽ മരച്ചില്ലകൾ വീണാലും വൈദ്യുതി നിലയ്ക്കുന്ന സ്ഥിതി ഒഴിവാക്കാൻ കഴിയും. കുടിവെള്ള വിതരണവും മുടങ്ങാതെ നടപ്പിലാക്കാൻ കഴിയുമെന്ന് കെ.എസ്.ഇ.ബി അധികൃതർ പറഞ്ഞു.