nellaya
വാട്ടർ അതോറിറ്റി എ.ഇയെ നെല്ലായ പഞ്ചായത്ത് പ്രസിഡന്റും നാട്ടുകാരും തടഞ്ഞപ്പോൾ.

ചെർപ്പുളശ്ശേരി: നെല്ലായ- കുലുക്കല്ലൂർ ശുദ്ധജല വിതരണ പദ്ധതി ചെർപ്പുളശ്ശേരി നഗരസഭയിലേക്ക് നീട്ടാനുള്ള വാട്ടർഅതോറിട്ടിയുടെ നീക്കം നെല്ലായ പഞ്ചായത്തും നാട്ടുകാരും ചേർന്ന് തടഞ്ഞു. ഇന്നലെ രാവിലെ ഒമ്പതിന് ചെർപ്പുളശ്ശേരി
ജലഅതോറിട്ടി എ.ഇ കെ.ജി.പ്രസാദിന്റെ നേതൃത്വത്തിലാണ് പഞ്ചായത്ത് അതിർത്തിയായ മഞ്ചക്കലിൽ പൈപ്പ് ലൈൻ ബന്ധിപ്പിക്കാനായി എത്തിയത്. പൊലീസും ഒപ്പമുണ്ടായിരുന്നു. എന്നാൽ, ഇതറിഞ്ഞെത്തിയ പഞ്ചായത്ത് പ്രസിഡന്റും ഭരണസമിതി അംഗങ്ങളും നാട്ടുകാരും ചേർന്ന് പ്രവർത്തി തടയുകയായിരുന്നു. തങ്ങൾക്ക് ഇതുസംബന്ധിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.മുഹമ്മദ് ഷാഫി പറഞ്ഞെങ്കിലും ജില്ലാ കളക്ടറുടെ ഉത്തരവുണ്ടെന്നായിരുന്നു എ.ഇയുടെ മറുപടി. പക്ഷേ, ഉത്തരവ് കാണിക്കാൻ എ.ഇയ്ക്ക് കഴിഞ്ഞില്ല.

എക്‌സിക്യൂട്ടീവ് എൻജിനീയർ പഞ്ചായത്ത് പ്രസിഡന്റിനെ വിളിച്ചിരുന്നെന്നും അദ്ദേഹം ഫോണെടുത്തില്ലെന്നും എ.ഇ മാധ്യമങ്ങളോട് പറഞ്ഞത് രംഗം വഷളാക്കി. ഇതോടെ നാട്ടുകാരും ജനപ്രതിനിധികളും എ.ഇക്കെതിരെ തിരിഞ്ഞു. പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. പദ്ധതിയുടെ കണക്ഷൻ പഞ്ചായത്തിൽ പൂർണമായിട്ടില്ല, ടാങ്കറിലാണ് ഇപ്പോൾ പല വാർഡുകളിലും കുടിവെള്ളം എത്തിച്ചുനൽകുന്നത്. ഈ സാഹചര്യത്തിൽ കുടിവെള്ള പദ്ധതി ചെർപ്പുളശ്ശേരി നഗരസഭയിലേക്ക് നീട്ടാനാവില്ല. ഇക്കാര്യം ജില്ലാ കളക്ടറെ അറിയിച്ചിട്ടുണ്ടെന്നും മുഹമ്മദ് ഷാഫി പറഞ്ഞു. പ്രതിഷേധത്തെ തുടർന്ന് പ്രവർത്തി നിർത്തിവച്ചതായും എക്‌സിക്യൂട്ടീവ് എൻജിനീയറുടെ സാനിധ്യത്തിൽ പഞ്ചായത്ത് പ്രസിഡന്റുമാരുമായി ചർച്ച നടത്തിയ ശേഷമായിരിക്കും തുടർനടപടി ഉണ്ടാവുകയെന്നും എ.ഇ പറഞ്ഞു.

അതേസമയം, നഗരസഭയുമായി ബന്ധപ്പെട്ട ആരും സ്ഥലത്തെത്തിയിരുന്നില്ല. പ്രശ്‌നം ശ്രദ്ധയിൽപ്പെട്ടതായി പി.കെ.ശശി എം.എൽ.എ പ്രതികരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് ഷാഫിയുമായി സംസാരിച്ച് അവരുടെ അഭിപ്രായം കേട്ടശേഷം ഇടപെടലുകൾ നടത്തുമെന്നും എം.എൽ.എ പറഞ്ഞു.