hospital
അലനല്ലൂർ സാമൂഹ്യആരോഗ്യ കേന്ദ്രം.

അലനല്ലൂർ: പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്നും സാമൂഹ്യാരോഗ്യ കേന്ദ്രമായി ഉയർന്നെങ്കിലും അലനല്ലൂർ ഗവ. ആശുപത്രിയിൽ കിടത്തിചികിത്സ ഇപ്പോഴും പടിക്കുപുറത്തു തന്നെ. നിത്യേന മുന്നൂറിലധികം രോഗികളാണ് ഇവിടെ ചികിത്സ തേടിയെത്തുന്നത്. കിടത്തി ചികിത്സയ്ക്കുള്ള വാർഡുകളും ബെഡുകളും ഉണ്ടെങ്കിലും കഴിഞ്ഞ ഏഴുവർഷമായി ഒരുനടപടിയും എടുത്തിട്ടില്ല.

പ്രാഥമിക ആരോഗ്യ കേന്ദ്രമായിരുന്ന കാലത്ത് ലഭ്യമായിരുന്ന കിടത്തിചികിത്സ ആശുപത്രിയുടെ പദവി ഉയർത്തിയപ്പോഴാണ് ഇല്ലാതായത്. ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് കാരണമായി അധികൃതർ പറയുന്നത്.

ക്ലീനിംഗ് സ്റ്റാഫ്, സ്റ്റാഫ് നേഴ്‌സ്, ഫാർമസിസ്റ്റ് എന്നീ തസ്തികളിലുള്ള ജീവനക്കാരുടെ കുറവാണ് കിടത്തിചികിത്സ മുടങ്ങാൻ കാരണം. സാമൂഹ്യാരോഗ്യ കേന്ദ്രമാകുന്നതോടെ വരുന്ന പുതിയ തസ്തികകളും നികത്തിയിട്ടില്ല. ഉപ്പുകുളം, എടത്തനാട്ടുകര, കർക്കിടാംകുന്ന്, അലനല്ലൂർ, കോട്ടോപ്പാടം, മലപ്പുറം ജില്ലയിലെ വെട്ടത്തൂർ, അരക്കുപറമ്പ് തുടങ്ങിയ ഭാഗങ്ങളിലെ സാധാരണക്കാരായ ആളുകളുടെ ഏക ആശ്രയമാണ് ഈ സർക്കാർ ആശുപത്രി. കലവർഷം അടുക്കുന്ന സാഹചര്യത്തിൽ പനിയും അനുബന്ധ അസുഖങ്ങളും പെരുകാൻ സാദ്ധ്യതയുണ്ട്. അതിനാൽ അടിയന്തരമായി ഇവിടെ കിടത്തിചികിത്സ ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.