പാലക്കാട്: കെട്ടിട നിർമ്മാണ ചട്ടങ്ങൾ ലംഘിച്ച് നവീകരിക്കുന്ന നഗരത്തിലെ സ്വകാര്യവ്യക്തിയുടെ ബഹുനില കെട്ടിടത്തിന് സ്റ്റോപ്പ് മെമ്മോ നൽകാൻ തീരുമാനം. കോർട്ട് റോഡിൽ അർബൻ ബാങ്കിന് മുൻവശത്തെ മൂന്നുനില കെട്ടിടത്തിലാണ് നവീകരണമെന്ന വ്യാജേന നഗരസഭയുടെ അനുമതിയില്ലാതെ പുതിയ കെട്ടിടം നിർമ്മിക്കുന്നത്. ചട്ടലംഘനം നടത്തിയുള്ള നിർമ്മാണത്തിനെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തെ തുടർന്നാണ് നടപടി.

ഇന്നലെ വൈകീട്ട് നഗരസഭ എ.ഇ സ്വാമിദാസ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് ചട്ടലംഘനം ബോധ്യപ്പെട്ടതിന് ശേഷം സ്റ്റോപ്പ് മെമ്മോ നൽകാൻ തീരുമാനിക്കുകയായിരുന്നു. നിർമ്മാണ സൈറ്റിൽ കെട്ടിട ഉടമയോ മറ്റ് ബന്ധപ്പെട്ടവരോ ഇല്ലാത്തതിനാൽ നോട്ടീസ് കൈപ്പറ്റിയിട്ടില്ല. അതിനാൽ ഇന്ന് നോട്ടീസ് നൽകുമെന്ന് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ അബ്ദുൾ ഷുക്കൂർ അറിയിച്ചു.

കഴിഞ്ഞ ആഗസ്റ്റിൽ മുനിസിപ്പൽ സ്റ്റാൻഡിന് സമീപത്തെ ബഹുനില കെട്ടിടം നിലംപൊത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ നഗരത്തിൽ ബലക്ഷയമുള്ളതായി കണ്ടെത്തിയ 16 കെട്ടിടങ്ങളിൽ ഉൾപ്പെടുന്നതാണ് ഈ കെട്ടിടവും. ഇത് പൂർണമായി പൊളിച്ചുമാറ്റാതെയാണ് ഇപ്പോൾ നവീകരിക്കുന്നത്. പുറമേനിന്ന് നോക്കിയാൽ കാണാത്ത തരത്തിൽ ഷീറ്റുകൾ കൊണ്ട് മറച്ചനിലയിലാണ്. തൂണുകൾ വാർത്ത് 40 അടി നീളത്തിൽ രണ്ട് നില നിർമ്മിച്ചിട്ടുണ്ട്. രാത്രികാലങ്ങളിലാണ് നിർമ്മാണം നടക്കുന്നതെന്ന് സമീപവാസികൾ പറയുന്നു.

മഴക്കാലത്തിനു മുന്നോടിയായി നഗരത്തിലെ ബലക്ഷയമുള്ള കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നതിനു വേണ്ടിയുള്ള നടപടികൾ അടുത്ത കൗൺസിലിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൾ ഷുക്കൂർ പറഞ്ഞു. അതേസമയം, നഗരത്തിൽ പത്തിലധികം കെട്ടിടങ്ങളിൽ ഇത്തരത്തിൽ അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും നഗരസഭ ഇത് കണ്ടില്ലെന്ന് നടിക്കുകയാണെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു. പാലക്കാട് നിയോജക മണ്ഡലം പ്രസിഡന്റ് ബോബൻ മാട്ടുമന്ത, സദ്ദാം ഹുസൈൻ, എം. പ്രശോഭ്, ഹക്കിം കൽമണ്ഡപം എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടത്തിയത്.