പെരുവെമ്പ്: ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ നാട്ടരങ്ങിന് സമാപനം. കേരള സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തിൽ പെരുവെമ്പിൽ നടന്ന നാട്ടരങ്ങിന്റെ മൂന്നാം ദിനമായ തിങ്കളാഴ്ച കെ.പി.എ.സി.യുടെ വിഖ്യാത നാടകം 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' അരങ്ങിലെത്തി. അമ്പതുകളിലെ കേരളത്തെ അനുസ്മരിപ്പിക്കുന്ന ജനപങ്കാളിത്തവും പ്രതികരണവുമായി പെരുവെമ്പിലെ നാട്ടരങ്ങിന്റെ വേദി കലാസ്വാദകർക്ക് നവ്യമായ ഒരു അനുഭൂതിയായി. പരമുപിള്ളയും മാലയുമെല്ലാം വീണ്ടും അരങ്ങിലെത്തിയപ്പോൾ ഒ.എൻ.വി. ദേവരാജൻ കൂട്ടുകെട്ടിൽ പിറന്ന ഗാനങ്ങൾ വീണ്ടും ജനങ്ങൾ ഹൃദയപൂർവ്വം ഏറ്റുപാടി.
മൂന്നാം ദിനം പരിപാടികൾ ആരംഭിച്ചത് വയലി ആങ്ങോട്ടുകര അവതരിപ്പിച്ച ബാംബൂ മ്യൂസിക്കോടെ ആയിരുന്നു. മുളവാദ്യോപകരണങ്ങളുടെ തനതു ശൈലിയിലുള്ള അവതരണം ശ്രോതാക്കൾക്ക് നവ്യാനുഭവമായിരുന്നു. കേരള സംഗീത നാടക അക്കാദമി ഗ്രാമങ്ങളിലേക്ക് ഇറങ്ങിചെല്ലുക എന്ന ലക്ഷ്യത്തോടെയാണു നാട്ടരങ്ങ് കേരളത്തിലെ വിവിധ ജില്ലകളിലെ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കാൻ പോകുന്നത്.
ഈ വർഷംതന്നെ കേരളത്തിലെ എല്ലാ ജില്ലകളിലും ഇത്തരം സാംസ്‌കാരിക ഉത്സവങ്ങൾകൊണ്ട് സമ്പന്നമാക്കുമെന്ന് കേരള സംഗീത നാടക അക്കാദമി സെക്രട്ടറി എൻ. രാധാകൃഷ്ണൻ നായർ പറഞ്ഞു.