പാലക്കാട്: ജാതീയമായി തരംതിരിക്കാനുള്ള ഫാസിസ്റ്റുകളുടെ നീക്കങ്ങൾക്കെതിരെ പ്രതിരോധ ശബ്ദം ഉയർത്താൻ സാഹിത്യകാരന്മാർ ശ്രമിക്കണമെന്ന് സാഹിത്യകാരൻ ഡോ. ടി.ഡി .രാമകൃഷ്ണൻ പറഞ്ഞു. ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിച്ച പുസ്തകോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുസ്തകവും വായനയും തിരിച്ചുവരുന്ന പാതയിലാണ് ഇന്നുള്ളതെന്നും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് വായനയുടെ പുതുലോകം സൃഷ്ടിക്കാൻ കഴിയുന്ന കാലത്താണ് നാം ജീവിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ടി.കെ നാരായണദാസ് അധ്യക്ഷത വഹിച്ചു. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നിർവാഹക സമിതി അംഗം പി.കെ.സുധാകരൻ മുഖ്യാതിഥിയായി.
ശ്രീകൃഷ്ണപുരം കൃഷ്ണൻകുട്ടി, വാർഡ് കൗൺസിലർ ദിവ്യ, വി.കെ.ചന്ദ്രൻ, ടി.ആർ.അജയൻ, ടി.കെ.ശങ്കരനാരായണൻ, ജി.പി.രാമചന്ദ്രൻ, രഘുനാഥൻ പറളി, എം.ബി മിനി,മുല്ലശേരി ചന്ദ്രൻ, യമുനാദേവി, ദേവിദാസ് സംസാരിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.കാസിം സ്വാഗതവും ഇ ചന്ദ്രബാബു നന്ദിയും പറഞ്ഞു. ഇതോടാനുബന്ധിച്ച് പികെ സുധാകരൻ, എംബി മിനി, മുല്ലശേരി ചന്ദ്രൻ എന്നിവർ രചിച്ച മൂന്ന് പുസ്തകങ്ങളുടെ പ്രകാശനവും നടന്നു.