പാലക്കാട്:വീട്ടമ്മയുടെ ചികിത്സാചെലവിന് സ്വകാര്യ ബസ് ജീവനക്കാരുടെയും ഓട്ടോ തൊഴിലാളികളുടെയും കൈതാങ്ങ്. കിണാവല്ലൂർ സ്വദേശിയായ തയ്യൽ തൊഴിലാളി രാധാകൃഷ്ണന്റെ ഭാര്യ സുധയുടെ ശസ്ത്രക്രിയക്കുള്ള തുക കണ്ടെത്താനാണ് മലമ്പുഴ വഴി സർവീസ് നടത്തുന്ന വാരിയത്ത് ബസ് ഒരു ദിവസത്തെ കളക്ഷൻ നൽകി മാതൃകയായത്.
വാരിയത്ത് ബസിനു പുറമെ അകത്തേത്തറയിലേയും പാലക്കാട്ടേയും ബി.എം.എസ് അനുകൂലികളായ ഒരുവിഭാഗം ഓട്ടോറിക്ഷ തൊഴിലാളികളും അവരുടെ ഇന്നലെത്തെ വരുമാനം ചികിൽസാ ചെലവിലേക്കായി നൽകി. സ്വരൂപിച്ച സംഖ്യ സുധയുടെ കുടുംബത്തെ ഏൽപ്പിച്ചു. പെട്ടെന്നുണ്ടായ ഒരു മസ്തിഷാഘാതത്തിൽ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ കഴിഞ്ഞ ഒരുമാസക്കാലമായി ചികിൽസയിലാണ് 39 കാരിയായ സുധ. ഒരു മേജർ ഓപ്പറേഷനിലൂടെ മാത്രമേ സുധയുടെ രോഗം ഭേദപ്പെടുത്താൻ സാധിക്കുകയുള്ളുവെന്നാണ് ഡോക്ടമാർ പറയുന്നത്. നാലു ലക്ഷം രൂപയോളം ചികിൽസയിക്കായി ചെലവായി. ഇനിയും ഏകദേശം ആറുലക്ഷം വേണം ഓപ്പറേഷന്. സുധയുടെ ഭർത്താവിന്റെ തയ്യൽ ജോലിയിൽ നിന്നുമുള്ള തുഛമായ വരുമാനം കൊണ്ടാണ് രണ്ട് കുട്ടികളുള്ള ആ കുടുംബം ജീവിക്കുന്നത്. കുടുംബത്തിന്റെ ദുരിതം മനസിലാക്കിയാണ് സുമനസുള്ള തൊഴിലാളികഘ കൈത്താങ്ങായി മുന്നോട്ട് വന്നതെന്ന് ബി എം എസ് ജില്ലാ ജോയന്റ് സെക്രട്ടറി വിശിവദാസ് പറഞ്ഞു. രാജേഷ്, കുട്ടപ്പൻ,രഘു, രാധാകൃഷ്ണൻ എന്നിവരും ഫണ്ട് സ്വരൂപിക്കൽ കാമ്പെയിനിൽ പങ്കെടുത്തു.