sports
തൗഫീക്ക്

നെന്മാറ: ഇന്റർനാഷണൽ ഹാന്റ് ബാൾ ചാമ്പ്യൻഷിപ്പിനായുള്ള ഇന്ത്യൻ ടീം സെലക്ഷൻ ക്യാമ്പിലേക്ക് ഒലിപ്പാറ സ്വദേശി തൗഫീക്കും. ഒലിപ്പാറ എത്തനൂർ വലിയ വീട്ടിൽ മുഹമ്മദ് അലിയുടെയും മറിയം ബീവിയുടെയും മകനാണ് 19കാരനായ തൗഫീക്ക്.

ചിറ്റൂർ ഗവ. കോളേജിൽ ബി.എസ്.സി ജോഗ്രഫി ഒന്നാംവർഷ വിദ്യാർത്ഥിയാണ്. ഡൽഹിയിലെ കർണൈൽ സിംഗ് സ്‌റ്റേഡിയത്തിലാണ് സെലക്ഷൻ ക്യാമ്പ്. ജൂൺ എട്ടു മുതൽ 16വരെ ജോർജ്ജിയിലാണ് ഇന്റർനാഷണൽ ഹാന്റ് ബാൾ ചാമ്പ്യൻഷിപ്പ് നടക്കുക.

പഞ്ചാബിൽ നടന്ന ആദ്യഘട്ട തിരഞ്ഞെടുപ്പിൽ നിന്നാണ് ദേശീയ ക്യാമ്പിലേക്ക് യോഗ്യത നേടിയത്. കൊടുവായൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ നിന്നാണ് ഹാന്റ് ബാളിൽ പരിശീലനം നേടിയത്.

സംസ്ഥാന സ്‌കൂൾ കായികമേളയിലും, സംസ്ഥാന, സോണൽ മത്സരങ്ങളിലും, സൗത്ത് സോൺ യൂണിവേഴ്‌സിറ്റി ചാമ്പ്യഷിപ്പിലും തൗഫീക്ക് പങ്കെടുത്തിട്ടുണ്ട്. മണിപ്പൂരിൽ നടന്ന ജൂനിയർ നാഷണൽ ചാമ്പ്യൻഷിപ്പിലെ കേരളടീമിൽ അംഗമായിരുന്നു. കായിക താരങ്ങളായ കെ.കെ.അരുൺ, കെ.കെ.അനൂപ് എന്നിവരുടെയും, കൊടുവായൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ പരിശീലകൻ പ്രശാന്തൻ, സ്‌പോർട്‌സ് കൗൺസിൽ റിട്ട. കോച്ച് അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം.