പാലക്കാട്: ഒരാഴ്ച മുമ്പ് ആരംഭിച്ച നൂറണി - ചക്കാന്തറ റോഡിലെ കലുങ്ക് നിർമ്മാണം പുരോഗമിക്കുന്നു. മഴയ്ക്കുമുമ്പ് കനാലുകൾ വൃത്തിയാക്കാനാണ് പൊതുമരാമത്ത് വകുപ്പിന്റെ തിരക്കിട്ട നീക്കം. എന്നാൽ, കലുങ്ക് നിർമ്മാണത്തിന്റെയും കനാൽ വൃത്തിയാക്കുന്നതിന്റെയും ഭാഗമായി റോഡ് പൂർണമായും പൊളിച്ചത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്.

നിലവിൽ വാഹനങ്ങളെല്ലാം നൂറണി ഗ്രാമം, വെണ്ണക്കര, തിരുനെല്ലായ് റോഡി വഴിയാണ് പോകുന്നത്. വലിയ വാഹനങ്ങൾക്ക് ഈ റോഡിലൂടെയുള്ള യാത്ര ഏറെപ്രയാസമാണ്. കൂടുതൽ വാഹനങ്ങളും ഇതിലൂടെ ആയതിനാൽ വെണ്ണക്കര റോഡിൽ ഇപ്പോൾ നല്ല തിരക്കാണ്. ഇതുമൂലം ജില്ലാ ആശുപത്രിയിലേക്ക് രോഗികളുമായി വരുന്ന ആംബുലെൻസുകൾക്കാണ് ഏറെബുദ്ധമുട്ട്. സ്കൂൾ തുറക്കുന്നതിന് മുമ്പ് പണികൾ കഴിഞ്ഞില്ലെങ്കിൽ സ്ഥതികൂടുതൽ വഷളാകും.

* ഈ മാസം ഏഴിനാണ് നവീകരണം ആരംഭിക്കേണ്ടിയിരുന്നത്. പക്ഷേ, സാങ്കേതിക പ്രശ്‌നങ്ങളാൽ 13നാണ് തുടങ്ങിയത്. 25 ലക്ഷം രൂപയുടെ പ്രവർത്തികളാണ് നടക്കുന്നത്. ജൂൺ രണ്ടാം വാരത്തോടു കൂടി റോഡ് പൂർണമായി ഗതാഗതയോഗ്യമാക്കും. അഴുക്കുചാലായതിനാൽ റോഡ് പകുതി പൊളിച്ച് ഒരു വശത്തുകൂടി വാഹനം കടത്തിവിട്ട് പണികൾ നടത്താൻ ബുദ്ധിമുട്ടാണ്. ചെളി പൂർണമായും നീക്കേണ്ടതിനാൽ അഴുക്കുചാൽ പൂർണമായും പൊളിക്കണം.

കൃഷ്ണപ്രസാദ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ,

പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം