കൊല്ലങ്കോട്: കൊടുവായൂർ നഗരത്തിലെ ഗതാഗതക്കുരുക്കഴിയുന്നു. ബൈപ്പാസ് റോഡിനായുള്ള സ്ഥലമേറ്റെടുക്കാൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം. 5.1 കിലോമീറ്റർ ദൈർഘ്യമുള്ള ബൈപ്പാസിന് ജലസേചനവകുപ്പിന്റെ ഉടമസ്തതയിലുള്ള സ്ഥലങ്ങൾ ഉൾപ്പെടെ ആകെ 19.48 ഏക്കർ ഏറ്റെടുക്കണം. ഏറ്റെടുക്കുന്ന് ഭൂമി കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലെപ്പ്മെന്റ് കോർപ്പറേഷന് കൈമാറിയാൽ ഉടൻ നിർമ്മാണം ആരംഭിക്കുമെന്നാണ് അറിയുന്നത്.
തിരക്കേറിയ പകൽ സമയത്ത് കൊടുവായൂർ മാർക്കറ്റിന് മുന്നിൽ വലിയലോറികൾ നിറുത്തിയിട്ട് ചരക്ക് കയറ്റിയിറക്കുന്നത് പതിവാണ്. പാലക്കാട്, കുഴൽമന്ദം, ചിറ്റൂർ, ആലത്തൂർ ഭഗങ്ങളിൽ നിന്നുള്ള റോഡുകൾ സംഗമിക്കുന്നിടമാണ് കൊടുവായൂർ ടൗൺ. ഇടുങ്ങിയ റോഡിൽ ചരക്ക് വാഹനങ്ങളും കൂടിയാകുമ്പോൾ ഗതഗതക്കുരുക്ക് ഒഴിഞ്ഞനേരമുണ്ടാകില്ല നഗരത്തിന്.
നാലുവർഷം മുമ്പ് പുതുനഗരം പൊലീസിന്റെ നേതൃത്വത്തിൽ നഗരത്തിൽ ഗതാഗത പരിഷ്ക്കരണം നടപ്പാക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്നാണ് ബൈപ്പാസ് എന്ന ആശയം വരുന്നത്. 2016 ബഡ്ജറ്റിൽ പത്തുകോടി രൂപ വകയിരുത്തിയെങ്കിലും തുടർ നടപടികളൊന്നുമുണ്ടായില്ല.
ആലത്തൂർ, ചിറ്റൂർ താലൂക്കുകളിലെ നവക്കോട് മുതൽ എത്തന്നൂർപാലം വരെയും മാനാംകുളമ്പ് വരെയുള്ള 19.48 ഏക്കറാണ് ഏറ്റെടുക്കേണ്ടത്. ഇതിൽ തേങ്കുറുശ്ശി ഒന്ന് വില്ലേജിൽ 24.23 സെന്റും പെരുവെമ്പ് വില്ലേജ് 1.15 ഏക്കറും കൊടുവായൂർ ഒന്ന് വില്ലേജ് ബ്ലോക്ക് ഒന്നിൽ 9.94 ഏക്കറും കൊടുവായൂർ രണ്ട് വില്ലേജ് ബ്ലോക്ക് ഒന്നിൽ 3.85 ഏക്കറും രണ്ടിൽ 4.64 ഏക്കറും ഉൾപ്പെടും.
ബൈപാസ് യാഥാർത്ഥ്യമായാൽ പല്ലശ്ശേന - കാക്കയൂർ ഭാഗത്തു നിന്നുള്ള യാത്രക്കാർക്ക് കൊടുവായൂർ എത്താതെ പാലക്കാട് എത്തിച്ചേരാം. മീനാക്ഷിപുരം, ചിറ്റൂർ ഭാഗത്തുനിന്ന് തൃശ്ശൂരിലേക്കും യാത്രാ സൗകര്യം വർദ്ധിക്കും.