അട്ടപ്പാടി: ഗൂളിക്കടവിൽ പച്ചക്കറി വ്യാപാരിയെ വെടിവെച്ച കേസിൽ രണ്ടുപേരെ അറസ്റ്റു ചെയ്തു. അഗളി നെല്ലിപ്പതി സ്വദേശികളായ ഫെർണാണ്ടസ് ജോയ് (39), ജിനേഷ് എന്ന കുട്ടായി (39) എന്നിവരെയാണ് അഗളി സി.ഐ സുനിൽ പുളിക്കലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

ഗൂളിക്കടവിൽ പച്ചക്കറി കച്ചവടം നടത്തിയിരുന്ന ഉദയനെയാണ് കഴിഞ്ഞ ഏപ്രിൽ ഒന്നിന് രാത്രി മൂന്നുപേരടങ്ങിയ സംഘം വാഹനം തടഞ്ഞുനിറുത്തി വെടിവച്ചത്. കാലിന് വെടിയേറ്റ ഉദയൻ ചികിത്സയിലായിരുന്നു. കോയമ്പത്തൂരിലേക്ക് പച്ചക്കറി എടുക്കാനായി പോകുമ്പോൾ ഉദയന്റെ കൈയ്യിലുള്ള പണം തട്ടിയെടുക്കാനാണ് പ്രതികൾ വെടിവച്ചതെന്ന് പൊലീസ് പറഞ്ഞു. ഇതിന് മുമ്പ് രണ്ടുതവണ പ്രതികൾ ഉദയനിൽ നിന്ന് പണം തട്ടിയെടുക്കാൻ ശ്രമിച്ചിരുന്നു.

തമിഴ്‌നാട്ടിലെ താടകം എന്ന സ്ഥലത്തുവച്ച് ഉദയനെ തട്ടികൊണ്ടുപോയി 20,000 കവർന്ന സംഭവത്തിലും ഇവർ പ്രതികളാണ്. ഫോൺകോൾ ലിസ്റ്റും മറ്റും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. മൂന്നു പ്രതികളിൽ റെജിക്കുട്ടൻ എന്നയാളെ കൂടി ഇനി പിടികൂടാനുണ്ട്.

എസ്.സി.പിഒമാരായ അശോകൻ, നീരജ് ബാബു, എ.എസ്.പി ക്രൈം സ്‌ക്വാഡ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.